ന്യൂഡൽഹി: ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന പരാതിയിൽ വിഖ്യാത ചിത്രകാരൻ എം.എഫ്. ഹുസൈന്‍റെ രണ്ടു പെയിന്‍റിങ്ങുകൾ പിടിച്ചെടുക്കാൻ ഡൽഹി കോടതി ഉത്തരവ്. ഡൽഹി ആർട് ഗാലറിയിൽ പ്രദർശിപ്പിച്ച പെയിന്‍റിങ്ങുകൾ പിടിച്ചെടുക്കാനാണ് ഉത്തരവ്. ഡൽഹിയിലെ അഭിഭാഷകൻ അമിത സച്ദേവ നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്.
ഹിന്ദു ദേവന്മാരായ ഗണേഷനെയും ഹനുമാനെയും മോശമായി ചിത്രീകരിക്കുന്നതാണ് പെയിന്‍റിങ്ങുകളെന്ന് പരാതിയിൽ പറയുന്നു. ഗാലറി ഉടമക്കെതിരെ കേസെടുക്കണമെന്നും ഹിന്ദു വികാരങ്ങൾ വ്രണപ്പെടുത്തുന്ന പെയിന്‍റിങ്ങുകൾ ഗാലറിയിൽനിന്ന് നീക്കണമെന്നും അഭിഭാഷകൻ പരാതിയിൽ ആവശ്യപ്പെട്ടു. പരാതി ഫയലിൽ സ്വീകരിച്ച ഡൽഹി ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി, പെയിന്‍റിങ്ങുകൾ പിടിച്ചെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം നൽകി.
പാശ്ചാത്യ മാധ്യമങ്ങള്‍ ഇന്ത്യയുടെ പിക്കാസോ എന്നാണ് ഹുസൈനെ വിശേഷിപ്പിച്ചിരുന്നത്. ഹിന്ദുദേവതമാരുടെ നഗ്നചിത്രങ്ങള്‍ അദ്ദേഹത്തെ ഹിന്ദു സംഘടനകളുടെ കണ്ണിലെ കരടാക്കി. വിവാദങ്ങളും കേസുകളും പ്രതിഷേധങ്ങളും തുടര്‍ക്കഥയായതോടെയാണ് ഹുസൈന്‍ 2006ല്‍ ഇന്ത്യവിട്ടു ലണ്ടനിലേക്ക് പോയത്. സ്വയം പ്രഖ്യാപിതപ്രവാസത്തിലായിരുന്ന അദ്ദേഹം കുറച്ചുകാലം ദുബൈയിലും താമസിച്ചു. 2010ല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപേക്ഷിച്ച് ഇനി ഒരിക്കലും ഇന്ത്യയിലേക്കില്ലെന്ന് പ്രഖ്യാപിച്ചു. 2011 ജൂണ്‍ ഒമ്പതിന് ലണ്ടനില്‍ വെച്ചായിരുന്നു ഹുസൈന്‍റെ അന്ത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.