മദ്യത്തിന് കോവിഡ് ടാക്സ്; ലോക് ഡൗൺ നഷ്ടം നികത്താൻ പുതുവഴി തേടി ഡൽഹി 

ന്യൂഡൽഹി: കോവിഡ് വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മദ്യത്തിന് 70 ശതമാനം ടാക്സ് വർധിപ്പിക്കാനുള്ള തീരുമാനവുമായി ഡൽഹി സർക്കാർ. 'സ്പെഷ്യൽ കൊറോണ ടാക്സ്' എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. ഇനിമുതൽ രാവിലെ 9 മുതൽ വൈകീട്ട് 6.30 വരെ മദ്യവിൽപ്പന ശാലകൾ പ്രവർത്തിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഒരു കുപ്പി മദ്യത്തിന് ചുമത്താവുന്ന ഏറ്റവും വലിയ ടാക്സാണ് 70 ശതമാനം. 1000 രൂപ വിലയുള്ള ഒരു കുപ്പി മദ്യത്തിന് ഇനിമുതൽ  1700 രൂപയാണ് നൽകേണ്ടി വരിക.

 അരവിന്ദ് കെജ് രിവാളിന്‍റെ നേതൃത്വത്തിൽ തിങ്കളാഴ്ച ചേർന്ന കാബിനറ്റ് യോഗമാണ് തീരുമാനമെടുത്തത്. മദ്യത്തിന്‍റെ വില കൂട്ടി  ലോക് ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കാൻ കഴിയുമെന്ന വിലയിരുത്തലാണ് ഇതിന് പിന്നിൽ. കഴിഞ്ഞ വർഷം ഏപ്രിലിൽ 3500 കോടി സർക്കാറിന് ലാഭം നേടിക്കൊടുത്ത മദ്യ വിൽപ്പന ഈ ഏപ്രിലിൽ വെറും 300 കോടി മാത്രമായിരുന്നുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ പറഞ്ഞു.

കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക് ഡൗണിന് ശേഷം തിങ്കളാഴ്ചയാണ് ഡൽഹിയിൽ മദ്യഷാപ്പുകൾ തുറന്നത്. സാമൂഹ്യഅകലമോ മറ്റ് നിയന്ത്രണങ്ങളോ പാലിക്കാതെ പുലർച്ചെ മുതൽ  രൂപപ്പെട്ട നീണ്ട ക്യൂ നിയന്ത്രിക്കാൻ പൊലീസിന് ഏറെ പണിപ്പെടേണ്ടിവന്നു. 

Tags:    
News Summary - Delhi To Charge 70% "Corona Fee" On Liquor From Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.