ഛാത് പൂജ നിരോധനത്തിന് കാരണം കെജരിവാൾ സർക്കാറിന്‍റെ പിടിപ്പുകേടെന്ന് ബി.ജെ.പി

ന്യൂഡൽഹി: ഡൽഹി സർക്കാർ ശരിയായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ആളുകൾക്ക് ഒരുമിച്ച് ഛാത് പൂജ ആഘോഷിക്കുന്നതിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്ന് ബി.ജെ.പി. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് ഛാത് പൂജ ആഘോഷിക്കുന്നതിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്നും ബി.ജെ.പി ഡൽഹി അധ്യക്ഷൻ ആദേശ് ഗുപ്ത പറഞ്ഞു.

കോവിഡ് വ്യാപനം തടയുന്നതിനായി ഡൽഹി സർക്കാർ വിവിധ സ്ഥലങ്ങളിൽ ഛാത് പൂജ ആഘോഷങ്ങൾ നിരോധിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ദിവസങ്ങളായി ബി.ജെ.പി, ജെ.ഡി.യു പാർട്ടികൾ കനത്ത പ്രതിഷേധമാണ് സംഘടിപ്പിച്ചത്.

'ഡൽഹിയിൽ സർക്കാർ എല്ലാ വിപണികളും തുറന്നു, സാമൂഹ്യ അകലം പാലിക്കാതെ ബസുകൾ ഓടുന്നു. അതേ സർക്കാർ കോവിഡിന്‍റെ പേരിൽ പൂജ നിരോധിക്കുന്നു. ഇത് സർക്കാരിന്‍റെ പരാജയമാണ്. ആഘോഷങ്ങൾ നിരോധിക്കുന്നതിനുപകരം, ക്രമീകരണങ്ങൾ ഉണ്ടാക്കുകയാണ് വേണ്ടത്' -ഡൽഹി ബി.ജെ.പി യൂണിറ്റ് പ്രസിഡന്‍റ് ആദേഷ് ഗുപ്ത പറഞ്ഞു.

'പകർച്ചവ്യാധികൾക്കിടയിൽ ജനക്കൂട്ടം കൂടുന്നത് ഒഴിവാക്കാൻ, ഈ വർഷം കമ്മ്യൂണിറ്റി ഛാത് പൂജ ആഘോഷങ്ങൾ നിരോധിക്കാൻ ഞങ്ങൾ തീരുമാനിച്ചു. കോവിഡ് -19 പ്രോട്ടോക്കോളുകൾ പാലിക്കാത്ത ആളുകൾക്കെതിരെ കർശന നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്' -ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു.

ദീപാവലിക്ക് ആറ് ദിവസത്തിന് ശേഷം ആഘോഷിക്കുന്ന ഛാത് പൂജ നവംബർ 20 ന് ആരംഭിക്കും. നാലുദിവസത്തെ ആഘോഷവേളയിൽ പുഴകൾ, കുളങ്ങൾ, മറ്റ് ജലാശയങ്ങൾ എന്നിവയിൽ ഭക്തർ ഒത്തുകൂടുന്നു.

Tags:    
News Summary - Delhi BJP chief slams AAP govt's ban on Chhath Puja at public places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.