സൗര-ജലവൈദ്യുതോർജത്തിലേക്ക് മാറി ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം

ന്യൂഡൽഹി: ജൂൺ ഒന്നുമുതൽ പൂർണമായും സൗരോർജത്തിലേക്കും ജലവൈദ്യുതോർജത്തിലേക്കും മാറാൻ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം (ഐ.ജി.ഐ). ആറ് ശതമാനം വൈദ്യുതി സോളാർ പ്ലാന്‍റുകളിൽ നിന്നും 94 ശതമാനം ജലവൈദ്യുത പ്ലാന്‍റിൽ നിന്നും ഉപയോഗിച്ചായിരിക്കും പ്രവർത്തനം. ഈ രണ്ട് ഹരിതോർജ്ജങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമാകും ഡൽഹിയിലേത്.

2030ഓടെ കാർബൺ പുറന്തള്ളുന്നതിൽ നെറ്റ് സീറോ ദൗത്യം പൂർത്തീകരിക്കുന്നതിന്‍റെ ഭാഗമായാണ് മാറ്റങ്ങൾ എന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം നവംബറിലാണ് ഈ ദൗത്യത്തെ കുറിച്ച് ഐ.ജി.ഐ വ്യക്തമാക്കിയത്. ജലവൈദ്യുതോർജത്തിനായി ഹിമാചൽ പ്രദേശിലെ ഒരു ജലവൈദ്യുതോത്പാദക കമ്പനിയുമായി കരാറിലേർപ്പെട്ടിരിക്കുകയാണ് അധികൃതർ. 2036 വരെയുള്ള കരാറാണിത്.

മാറ്റത്തിലൂടെ പ്രതിവർഷം രണ്ട് ലക്ഷം ടൺ കാർബൺ ഡയോക്സൈഡ് കുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലിനീകരണം കുറക്കുന്നതിന്‍റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളുമായി ഹരിത ഗതാഗത പരിപാടിയും ഐ.ജി.ഐ മുമ്പ് കൊണ്ടുവന്നിട്ടുണ്ട്. 2020ൽ എയർപ്പോർട്ട് ഇന്‍റർനാഷണൽ കൗൺസിൽ ഐ.ജി.ഐയെ 4+ ലെവലിലേക്ക് ഉയർത്തിയിരുന്നു. ഏഷ്യ പസഫിക് മേഖലയിൽ ഈ പദവി നേടുന്ന ആദ്യ വിമാനത്താവളം ആണിത്.

2015ൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സൗരോർജത്തിൽ മാത്രം പ്രവർത്തിച്ച് തുടങ്ങിയിരുന്നു.

Tags:    
News Summary - Delhi airport becomes India’s first to run entirely on hydro and solar energy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.