ഭീകരവിരുദ്ധ പോരാട്ടത്തിന് വമ്പൻ നീക്കം; 2,000 കോടിയുടെ ആയുധ സംഭരണ കരാറിന് അംഗീകാരം നൽകി കേന്ദ്രം

ന്യൂഡൽഹി: സൈനിക ശേഷി വർധിപ്പിക്കാൻ 2,000 കോടി രൂപയുടെ ആയുധ സംഭരണ കരാറിന് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. അടിയന്തര ആയുധ സംഭരണ സംവിധാനത്തിലാണ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങാനൊരുങ്ങുന്നത്. കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തി 1,981.90 കോടി രൂപക്കാണ് ആയുധങ്ങള്‍ വാങ്ങുക. ഭീകരവിരുദ്ധ പോരാട്ടത്തിനാണ് പ്രതിരോധ സംവിധാനങ്ങൾ വാങ്ങാനൊരുങ്ങുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

13 കരാറുകളിലൂടെ ഡ്രോൺ പ്രതിരോധ സംവിധാനം, ലോ ലൈറ്റ് വെയ്റ്റ് റഡാറുകൾ, ആളില്ലാ വിമാനങ്ങൾ, ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം എന്നിവയുൾപ്പെടെ വാങ്ങാനാണ് പ്രതിരോധ മന്ത്രാലയം തയാറെടുക്കുന്നത്. നേരത്തെ ഓപറേഷൻസിന്ദൂറിനു പിന്നാലെ ആയുധശേഖരം വർധിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇന്ത്യ -പാക് സംഘർഷത്തിനിടെ ജമ്മു കശ്മീരിലും അതിർത്തി മേഖലയിൽ മറ്റ് പലയിടത്തും പാകിസ്താൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇവയെ ഇന്ത്യൻ സേന ഫലപ്രദമായി ചെറുത്തെങ്കിലും മുൻകരുതലെന്ന നിലയിലാണ് പുതിയ നീക്കം.

ഭീകരവാദ ഭീഷണികൾ നേരിടുന്നതിനും ഡ്രോണുകളെ പ്രതിരോധിക്കാനും സൈനികരുടെ സുരക്ഷയും ആക്രമണശേഷിയും വര്‍ധിപ്പിക്കാള്ള പ്രതിരോധ ഇടപാടാണ് നടക്കാന്‍ പോകുന്നത്. ലോഞ്ചറുകൾ, മിസൈലുകളും, വിദൂര നിയന്ത്രിത നിരീക്ഷണ ഡ്രോണുകള്‍, ചെറുകിട ഡ്രോണുകള്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, വെടിയുണ്ടകളെ പ്രതിരോധിക്കുന്ന ഹെല്‍മറ്റുകള്‍, കവചിത വാഹനങ്ങള്‍, തോക്കുകളില്‍ ഘടിപ്പിക്കാവുന്ന രാത്രിയിലും കാഴ്ച നല്‍കുന്ന നൈറ്റ് സൈറ്റ് സംവിധാനം എന്നിവയും അടിയന്തരമായി വാങ്ങും.

സേനയെ ആധുനികവത്കരിക്കുക, കൂടുതല്‍ കരുത്തുറ്റതാക്കുക, ഉയരുന്ന പുതിയകാല ഭീഷണികളെ നേരിടാന്‍ പര്യാപ്തരാക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളാണ് ആയുധ സംഭരണത്തിന് പിറകിൽ. സൈന്യത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമെങ്കില്‍ കാലതാമസം കൂടാതെ ആയുധം സംഭരിക്കാനുള്ള സംവിധാനമാണ് ഇ.പി എന്ന ചുരുക്കപ്പേരില്‍ പറയുന്ന എമര്‍ജന്‍സി പ്രൊക്യുര്‍മെന്റ് മെക്കാനിസം. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ നേരിട്ട് ആയുധങ്ങള്‍ സംഭരിക്കാന്‍ ഇത് സൈന്യത്തെ അനുവദിക്കുന്നു.

Tags:    
News Summary - Defence Ministry Clears Rs 2,000 Crore Emergency Procurement To Boost Indian Army’s Counter-Terror Operations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.