തരൂരിന്റെ പേരിലുള്ള ഡീപ് ഫേക് വിഡിയോ; നീക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈകോടതി

ന്യൂഡൽഹി: കോൺഗ്രസ് എം.പി ശശി തരൂരിന്റെ പേരിൽ പാകിസ്താനെ പുകഴ്ത്തുന്ന രീതിയിൽ നിർമിച്ച വ്യാജ ഡീപ് ഫേക് വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ ഉത്തരവിട്ട് ഡൽഹി ഹൈകോടതി.വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശശി തരൂർ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്. ഹരജിയിൽ കേന്ദ്ര സർക്കാറിനും മെറ്റ, എക്സ് തുടങ്ങിയ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾക്കും കോടതി സമൻസയച്ചു. ഇത്തരം വിഡിയോകൾ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിക്കുമെന്ന് വ്യക്തമാക്കിയ കോടതി, നാലാഴ്ചക്കകം മറുപടി നൽകാൻ നിർദേശിച്ചു. അമിതാഭ് ബച്ചൻ, അനിൽ കപൂർ തുടങ്ങിയ പ്രമുഖർക്ക് പിന്നാലെയാണ് ഇപ്പോൾ ശശി തരൂരും തന്റെ പേരും ശബ്ദവും ചിത്രവും ദുരുപയോഗം ചെയ്യുന്നതിനെതിരെ കോടതിയെ സമീപിച്ചത്.

താൻ പറയാത്ത കാര്യങ്ങൾ ആർട്ടിഫിഷ്യൽ നിർമിത ബുദ്ധി (എ.ഐ) ഉപയോഗിച്ച് നിർമിച്ച് പ്രചരിപ്പിക്കുകയാണെന്ന് തരൂർ കോടതിയെ അറിയിച്ചു. ‘ഇന്ത്യയേക്കാൾ മികച്ച രീതിയിലാണ് പാകിസ്താൻ നയതന്ത്ര തലത്തിൽ പ്രവർത്തിക്കുന്നത്’ എന്ന് തരൂർ പറയുന്ന രീതിയിലുള്ള വിഡിയോകളാണ് വ്യാപകമായി പ്രചരിച്ചത്.

ഈ വ്യാജ വിഡിയോകൾ സാധാരണക്കാരെയും വിദേശ മാധ്യമ പ്രവർത്തകരെയും വരെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഇത് അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ നാണക്കേടുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്താണ് ഈ വ്യാജ പ്രചാരണം ആരംഭിച്ചതെന്നും തന്റെ ദേശസ്നേഹത്തെ ചോദ്യം ചെയ്യാനും പൊതുജന മധ്യത്തിൽ പ്രതിച്ഛായ തകർക്കാനുമുള്ള ആസൂത്രിത ശ്രമമാണിതെന്നും തരൂർ വാദിച്ചു. മുൻ വിദേശകാര്യ സഹമന്ത്രി എന്ന നിലയിൽ ഇത്തരം വിഡിയോകൾ രാജ്യത്തിന്റെ നിലപാടിനെപ്പോലും ബാധിക്കാനിടയുണ്ടെന്ന് തരൂരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Tags:    
News Summary - Deepfake video in Tharoor's name; Delhi High Court orders removal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.