‘സവർക്കറെ ജയിലിൽനിന്ന് മോചിപ്പിച്ചത് രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കില്ലെന്ന വ്യവസ്ഥയിലാണെന്ന് പറയാനാവില്ല...’; കൊച്ചുമകൻ കോടതിയിൽ

പുണ: ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളിലോ, വിപ്ലവ സംഘടനകളിലോ പ്രവർത്തിക്കില്ലെന്ന വ്യവസ്ഥയിലാണ് ഹിന്ദുത്വ ആചാര്യൻ വി.ഡി. സവർക്കറെ  ബ്രിട്ടീഷുകാർ ജയിലിൽനിന്ന് മോചിപ്പിച്ചതെന്ന് പറയാൻ കഴിയില്ലെന്ന് കൊച്ചുമകൻ സത്യകി സവർക്കർ.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള ക്രിമിനൽ മാനനഷ്ടക്കേസിന്റെ ഭാഗമായി പുണ കോടതിയിൽ നടന്ന ക്രോസ് വിസ്താരത്തിനിടെയാണ് കൊച്ചുമകൻ ഇക്കാര്യം വ്യക്തമാക്കിയത്. ജയിൽ മോചിതനായത് ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടത്തിന് നൽകിയ ദയാഹരജികൾ കൊണ്ടല്ല, മറിച്ച് രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ലണ്ടനിൽ പ്രസംഗിക്കുന്നതിനിടെ രാഹുൽ സവർക്കറെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് സത്യകി പരാതി നൽകിയത്. സ്പെഷൽ ജഡ്ജി അമോൽ ഷിൻഡെക്കു മുമ്പാകെയാണ് ക്രോസ് വിസ്താരം നടന്നത്.

1937ൽ 'നാഷണൽ അസംബ്ലിയിൽ നടന്ന ശ്രമങ്ങൾ' മൂലമാണ് സവർക്കർ ജയിൽ മോചിതനായതെന്നും സത്യകി അവകാശപ്പെട്ടു. 1911 മുതൽ 1921 വരെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സെല്ലുലാർ ജയിലിലായിരുന്നു സവർക്കർ കഴിഞ്ഞിരുന്നത്. പിന്നീട് അദ്ദേഹത്തെ മഹാരാഷ്ട്രയിലെ രത്നഗിരി ജയിലിലേക്ക് മാറ്റി. അവിടെനിന്നാണ് 1924ൽ നിബന്ധനകളോടെ അദ്ദേഹത്തെ മോചിപ്പിച്ചത്. 1924 മുതൽ 1937 വരെ സവർക്കർ രത്നഗിരി ജില്ലയിൽ തടവിലായിരുന്നു. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽനിന്നു അദ്ദേഹത്തെ വിലക്കിയിരുന്നു.

‘സവർക്കർ തന്റെ ദയാഹരജിയിൽ ഏതെങ്കിലും ഉപാധികളോടെ തന്നെ മോചിപ്പിക്കണമെന്ന് അഭ്യർഥിച്ചിരുന്നോ എന്ന് എനിക്ക് പറയാൻ കഴിയില്ല. രാഷ്ട്രീയമോ വിപ്ലവകരമോ ആയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കില്ലെന്ന നിബന്ധനയിൽ തന്നെ വിട്ടയക്കണമെന്ന് സവർക്കർ ബ്രിട്ടീഷ് ഗവൺമെന്റിനോട് ആവശ്യപ്പെട്ടിരുന്നോ എന്ന് എനിക്ക് പറയാനാകില്ല. അദ്ദേഹം സമർപ്പിച്ച ഹരജികൾ കാരണമല്ല സവർക്കർ മോചിതനായത്. 1923ൽ മുഹമ്മദ് അലി ജൗഹറിന്റെ അധ്യക്ഷതയിൽ ചേർന്ന കാക്കിനട കോൺഗ്രസ് സമ്മേളനം സവർക്കറെ മോചിപ്പിക്കണമെന്ന് പ്രമേയം പാസാക്കിയിരുന്നു. സവർക്കറുടെ ജനപ്രീതി ദിനംപ്രതി വർധിക്കുകയും മോചനത്തിനായി ജന സമ്മർദം ശക്തിപ്പെടുകയും ചെയ്തതുകൊണ്ടാണത്’ -സത്യകി കോടതിയിൽ പറഞ്ഞു.

സമാനമായ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിൽ ഭഗത് സിങ്, സുഖ്‌ദേവ്, രാജ്‌ഗുരു എന്നീ സ്വാതന്ത്ര്യ സമര സേനാനികളെ വധശിക്ഷയിൽനിന്ന് രക്ഷിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രോസ് വിസ്താരം ഈമാസം ഏഴിന് തുടരും. നേരത്തെ, നടന്ന വിചാരണയിൽ (ജൂൺ 15), സവർക്കർ ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടത്തിന് മുമ്പാതെ 10 ദയാഹരജികൾ സമർപ്പിച്ചിരുന്നതായി സത്യകി കോടതിയിൽ പറഞ്ഞിരുന്നു. ദയാഹരജികൾ സമർപ്പിക്കുന്നത് ബ്രിട്ടീഷ് സർക്കാറിന് കീഴിലുള്ള ഒരു സാധാരണ നടപടിക്രമത്തിന്റെ ഭാഗമാണെന്നും ശിക്ഷയിൽ ഇളവ് ലഭിക്കുന്നതിനായി പല തടവുകാരും ഈ മാർഗം ഉപയോഗിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ബ്രിട്ടീഷ് സർക്കാറിന് സമർപ്പിച്ച ദയാഹരജിയിലൊന്നിൽ സവർക്കർ ‘യുവർ മോസ്റ്റ് ഒബീഡിയന്റ് സെർവന്റ്’ എന്ന് എഴുതിയിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ലെന്ന് സത്യകി കൂട്ടിച്ചേർത്തു. 2023 മാർച്ച് അഞ്ചിന് ലണ്ടനിൽ ഓവർസീസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിന് ആധാരം. വർഷങ്ങളായി രാഹുൽ ഗാന്ധി സവർക്കറെ അപകീർത്തിപ്പെടുത്തുന്നു എന്നാണ് പരാതിയിൽ ആരോപിക്കുന്നത്. സവർക്കറുടെ പ്രതിച്ഛായ തകർക്കാനും തനിക്കും കുടുംബത്തിനും മാനസിക വിഷമമുണ്ടാക്കാനും ലക്ഷ്യമിട്ട് രാഹുൽ ഗാന്ധി വ്യാജമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു എന്ന് സത്യകി സവർക്കർ ആരോപിക്കുന്നു.

Tags:    
News Summary - VD Savarkar was released due to political pressure -Grandnephew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.