രജൗരിയിൽ കേന്ദ്ര സംഘം സന്ദർശിക്കുന്നു

'രോഗകാരി വൈറസോ ബാക്ടീരിയയോ അല്ല, മരിച്ചത് മൂന്ന് കുടുംബങ്ങളുമായി ബന്ധമുള്ള 17 പേർ, പൊലീസിന്‍റെ പ്രത്യേക സംഘം അന്വേഷിക്കും'

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബധാല്‍ ഗ്രാമത്തില്‍ 'അജ്ഞാതരോഗം' ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. മരണങ്ങൾ വാർത്താപ്രാധാന്യം നേടിയതോടെ മുഖ്യമന്ത്രി ഉമർ അബ്ദുല്ല മേഖല സന്ദർശിച്ച് സാഹചര്യം വിലയിരുത്തി. മരണങ്ങൾക്ക് പിന്നിൽ വൈറസോ ബാക്ടീരിയയോ അല്ലെന്ന് പരിശോധനയിൽ തെളിഞ്ഞതായി അദ്ദേഹം പറഞ്ഞു. മൂന്ന് കുടുംബങ്ങളുമായി ബന്ധമുള്ള വ്യക്തികളാണ് മരിച്ചതെന്ന് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.

'മരണങ്ങളെ കുറിച്ചുള്ള വിവരം അറിഞ്ഞയുടൻ തന്നെ ആരോഗ്യവകുപ്പും മറ്റ് അധികൃതരും ഇതിന്‍റെ കാരണം മനസ്സിലാക്കാനുള്ള അന്വേഷണത്തിലായിരുന്നു. പരിശോധനകളെല്ലാം നടത്തി. എന്നാൽ, ബാക്ടീരിയയോ വൈറസോ അല്ല മരണങ്ങൾക്ക് കാരണമെന്നാണ് പരിശോധനകളിൽ തെളിഞ്ഞത്. മൂന്നു കുടുംബങ്ങളുമായി ബന്ധമുള്ള ആളുകളാണ് മരിച്ചവരെന്ന് പിന്നീട് കണ്ടെത്തി. എന്നാൽ, മരണത്തിന്‍റെ കാരണം ഇപ്പോഴും അജ്ഞാതമാണ്. ഇത് ഒരു രോഗമല്ലെന്ന നിഗമനത്തിൽ പൊലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷിക്കുകയാണ്. കേന്ദ്ര സംഘവും ഇവിടെയെത്തിയിട്ടുണ്ട്. മരണത്തിന്‍റെ കാരണം കണ്ടുപിടിക്കാൻ കൂട്ടായി ശ്രമിക്കുകയാണ്' -മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

2024 ഡിസംബര്‍ ഏഴിനാണ് ആദ്യ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അജ്ഞാതരോഗം ബാധിച്ചാണ് മരണമെന്നായിരുന്നു നിഗമനങ്ങൾ. പനി, അമിതമായി വിയര്‍ക്കല്‍, ഛര്‍ദി, നിര്‍ജലീകരണം, ബോധക്ഷയം തുടങ്ങിയവയാണ് മരിച്ചവരില്‍ കണ്ടെത്തിയ പ്രധാനലക്ഷണങ്ങള്‍. പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും ചെന്നൈയിലെ എപിഡെമിയോളജി സെന്ററിലും സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിരുന്നു. ഇവയിലൊന്നും മരണകാരണം സ്ഥിരീകരിക്കാനായിരുന്നില്ല.

മരിച്ചവരിൽ 12 പേർ കുട്ടികളാണ്‌. ഡിസംബർ ഏഴിന്‌ ഗ്രാമത്തിൽ സമൂഹസദ്യ കഴിച്ച ഒരു കുടുംബത്തിലെ അംഗങ്ങളാണ്‌ ‘ദുരൂഹ രോഗത്തിന്‌’ ഇരയായത്‌. മരണങ്ങൾക്ക്‌ പിന്നിൽ വിഷപ്രയോഗമാണോയെന്ന സംശയം ഉയർന്നെങ്കിലും ഇതിനും സ്ഥിരീകരണമായിട്ടില്ല. കഴിഞ്ഞദിവസം കേന്ദ്രത്തിൽ നിന്നുള്ള വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

Tags:    
News Summary - Deaths Not Caused By Viruses': J&K CM Omar Abdullah After Visiting Rajouri Village Where 17 People Mysteriously Died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.