അയോധ്യ: അയോധ്യയിൽ രാമക്ഷേത്ര നിർമാണം തുടങ്ങുന്ന തീയതി അടുത്തവർഷം പ്രഖ്യാപിക്കുമെന്ന് വിശ്വഹിന്ദു പരിക്ഷത്ത് (വി.എച്ച്.പി). 2019ൽ പ്രയാഗ്രാജിൽ നടക്കുന്ന കുംഭമേളയിലാണ് തീയതി പ്രഖ്യാപനമുണ്ടാവുകയെന്ന് നിർമോഹി അഖാഡയിലെ രാംജി ദാസ് ആണ് വ്യക്തമാക്കിയത്. രാമക്ഷേത്ര നിർമാണത്തിന് സമ്മർദം ചെലുത്താൻ വി.എച്ച്.പി അയോധ്യയിൽ നടത്തുന്ന ധർമസഭയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രമേ ഇക്കാര്യത്തിൽ വേണ്ടതുള്ളൂവെന്നും എല്ലാവരും അതുവരെ ക്ഷമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
രാമക്ഷേത്ര നിർമാണത്തിനുവേണ്ടി അയോധ്യയിലെ തർക്കഭൂമി വിഭജിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വി.എച്ച്.പി അന്താരാഷ്ട്ര ജനറൽ സെക്രട്ടറി ചമ്പത്ത് റായ് വ്യക്തമാക്കി. ‘ആ ഭൂമി പൂർണമായും ക്ഷേത്ര നിർമാണത്തിനായി വേണം. അത് വിഭജിച്ചുകൊണ്ടുള്ള ഫോർമുല സ്വീകാര്യമല്ല’ -അദ്ദേഹം പറഞ്ഞു. ക്ഷേത്രനിർമാണം നീണ്ടുപോകുന്നത് ശുഭസൂചകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേത്ര നിർമാണത്തിന് ആവശ്യമായ നടപടി തുടങ്ങാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നോട്ടുവരണമെന്ന് രാമജന്മഭൂമി ന്യാസ് പ്രസിഡൻറ് നൃത്യ ഗോപാൽ ദാസ് പറഞ്ഞു.
കോടതിയോട് ബഹുമാനമുണ്ടെന്നു പറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും യോഗി ആദിത്യനാഥിലും വലിയ പ്രതീക്ഷയാണുള്ളതെന്നും കൂട്ടിച്ചേർത്തു.
നിയമസഭ തെരഞ്ഞെടുപ്പുകൾക്കുപിന്നാലെ മോദി ക്ഷേത്ര നിർമാണ കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ക്ഷേത്രം നിർമിച്ചുകഴിയുന്നതോടെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുമെന്നും തുൾസിപീഠ് മഠാധിപതി രാം ഭദ്രാചാര്യ പറഞ്ഞു.
അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാമക്ഷേത്ര നിർമാണ വിഷയം കത്തിച്ചുനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് വി.എച്ച്.പി ധർമസഭ സംഘടിപ്പിച്ചിരിക്കുന്നത്. മൂന്നു ലക്ഷത്തോളം രാമഭക്തർ ധർമസഭക്കെത്തുമെന്നാണ് സംഘാടകർ അവകാശപ്പെട്ടിരുന്നത്. സംഘർഷ ഭീതിയുടെ പശ്ചാത്തലത്തിൽ വൻ സുരക്ഷയാണ് മേഖലയിൽ ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.