‘സൈക്കിള്‍’ ആര്‍ക്ക്;  വാദം കേള്‍ക്കല്‍ ഇന്ന്

ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടിയുടെ ചിഹ്നം ‘സൈക്കിള്‍’ സംബന്ധിച്ച തര്‍ക്കത്തില്‍  തെഞ്ഞെടുപ്പ് കമീഷന്‍ വെള്ളിയാഴ്ച വാദം കേള്‍ക്കും. വെള്ളിയാഴ്ച വാദം കേള്‍ക്കല്‍ കഴിഞ്ഞ് ശനിയാഴ്ചയോടെ തെരഞ്ഞെടുപ്പ് കമീഷന്‍ ‘സൈക്കിള്‍’ വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ചിഹ്നം തങ്ങളുടേതാണ് എന്നാണ് മുലായവും അഖിലേഷും കമീഷന് മുന്നില്‍വെച്ചിരിക്കുന്ന വാദം. ജനുവരി ഒന്നിന് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ മുലായത്തെ മാറ്റി അഖിലേഷ് പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തിരുന്നു. സമാജ്വാദി പാര്‍ട്ടിയുടെ അധ്യക്ഷന്‍ താനാണെന്നും ചിഹ്നത്തിനും പേരിനുമുള്ള അവകാശം തനിക്കാണെന്നും അഖിലേഷ് പറയുന്നു. എന്നാല്‍,  സമാജ്വാദി പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഇപ്പോഴും താന്‍ തന്നെയാണെന്നും ജനുവരി ഒന്നിന് നടന്ന യോഗം പാര്‍ട്ടിയുടെ ഭരണഘടനാ വിരുദ്ധമാണെന്നുമാണ് മുലായത്തിന്‍െറ വാദം.

പാര്‍ട്ടിയിലെ കരുത്ത് തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഇരുവര്‍ക്കും അവസരം നല്‍കിയിരുന്നു. 229 എം.എല്‍.എമാരില്‍ 220 പേരുടെയും 65 എം.എല്‍.സിമാരില്‍  56 പേരുടെയും 5000ലേറെ വരുന്ന ദേശീയ സമിതി അംഗങ്ങളില്‍ 4000ലേറെ പേരുടെയും പിന്തുണ  അഖിലേഷ് പക്ഷത്തിനാണ്. അഖിലേഷ് ഇക്കാര്യം രേഖാമൂലം കമീഷന് മുന്നില്‍ അറിയിച്ചിട്ടുമുണ്ട്. എന്നാല്‍, അംഗബലത്തില്‍ തീരെ പിന്നിലായ മുലായം അഖിലേഷ് പാര്‍ട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന്‍െറ സാങ്കേതികത ചോദ്യം ചെയ്ത് പിടിച്ചുനില്‍ക്കാനാണ് ശ്രമിക്കുന്നത്. ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവാണ് ജനുവരി ഒന്നിലെ ദേശീയ നിര്‍വാഹക സമിതി വിളിച്ചത്. പ്രസ്തുത യോഗത്തിന് രണ്ടു ദിവസം മുമ്പ് രാം ഗോപാല്‍ യാദവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതിനാല്‍ രാം ഗോപാല്‍ വിളിച്ച യോഗത്തിന് സാധുതയില്ളെന്നും മുലായം കമീഷന് നല്‍കിയ കത്തില്‍ പറയുന്നു. രാം ഗോപാല്‍ യാദവിനെയും  അഖിലേഷിനെയും ഒന്നിച്ചാണ് പുറത്താക്കിയതെന്നും അടുത്ത ദിവസം തന്നെ ഒന്നിച്ച് തിരിച്ചെടുക്കുകയും ചെയ്തുവെന്നാണ് അഖിലേഷ് പക്ഷത്തിന്‍െറ മറുപടി. 

Tags:    
News Summary - cycle sp plea today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.