സഹകരണ ബാങ്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയത് എന്തടിസ്ഥാനത്തിൽ -സുപ്രീംകോടതി

ന്യൂഡല്‍ഹി: കറന്‍സി നിരോധനത്തില്‍ സഹകരണ ബാങ്കുകളോട് വിവേചനമുണ്ടായിട്ടുണ്ടെങ്കില്‍ മോശമായിപ്പോയെന്ന് അഭിപ്രായപ്പെട്ട സുപ്രീംകോടതി വ്യവസ്ഥകളോടെ പഴയ നോട്ടുകള്‍ മാറ്റാന്‍ സഹകരണബാങ്കുകളെയും അനുവദിക്കാമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. ആഴ്ചയില്‍ പിന്‍വലിക്കാമെന്ന് വാഗ്ദാനം ചെയ്ത 24,000 രൂപ നല്‍കാനുള്ള സംവിധാനം പോലും ഒരുക്കാന്‍ കഴിയാത്തതിന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുകയും ചെയ്തു. 
കറന്‍സി നിരോധനത്തിനെതിരെ സമര്‍പ്പിച്ച വിവിധ ഹരജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കില്‍ പിന്നെ എന്തുകൊണ്ടാണ് തങ്ങള്‍ നികുതിയടച്ച പണത്തില്‍നിന്ന് ആഴ്ചയില്‍ 24,000 രൂപ പിന്‍വലിക്കാന്‍ ജനത്തിന് കഴിയാത്തതെന്ന് സുപ്രീംകോടതി ചോദിച്ചു. തങ്ങളുടെ വാഗ്ദാനം നിറവേറ്റുന്നതരത്തില്‍ ഒരു സംവിധാനമുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയണം. ആഴ്ചയില്‍ 24,000 വരെ പിന്‍വലിക്കാമെന്ന് നിങ്ങള്‍ തന്നെയല്ളേ പറഞ്ഞത്? നിങ്ങള്‍ നിശ്ചയിച്ച പരിധിയാണിത്. ബാങ്കുകള്‍ ഈ തുക നിഷേധിക്കുന്നില്ളെന്ന് പറയാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ എന്നും അറ്റോണി ജനറല്‍ മുകുള്‍ രോഹതഗിയോട് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ ചോദിച്ചു. 

24,000ത്തിന് പോകുന്ന ജനത്തിന് 2000ഉം 5000ഉം 8000വുമാണ് ബാങ്കുകള്‍ കൊടുക്കുന്നത്. പിന്‍വലിക്കാന്‍ കഴിയുമെന്ന് പറഞ്ഞാല്‍ ആ വാഗ്ദാനം പാലിക്കാന്‍ നിങ്ങള്‍ക്ക് കഴിയണം. കറന്‍സി നിരോധനത്തെ തുടര്‍ന്ന് എത്ര പണം ബാങ്കില്‍ വരുമെന്നും എത്ര നിങ്ങള്‍ അച്ചടിക്കുമെന്നും വല്ല കണക്കും എവിടെയെങ്കിലും സര്‍ക്കാര്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ടോ എന്ന് സുപ്രീംകോടതി ചോദിച്ചു. എന്തെങ്കിലും തരത്തിലുള്ള ആസൂത്രണമുണ്ടായിരുന്നോ? അതോ പെട്ടെന്നൊരു ആവേശത്തില്‍ ചെയ്തതാണോ? പഴയ കറന്‍സി നിക്ഷേപിക്കാന്‍ എന്തുകൊണ്ടാണ് ജില്ലാ സഹകരണ ബാങ്കുകളെ അനുവദിക്കാത്തതെന്ന് സുപ്രീംകോടതി ചോദിച്ചപ്പോള്‍ സംശയാസ്പദമായ മാനേജ്മെന്‍റുകള്‍ നടത്തുന്ന സൊസൈറ്റികളുടെ അക്കൗണ്ടുകളാണ് ജില്ല ബാങ്കുകളിലുള്ളതെന്ന് അറ്റോണി ജനറല്‍ മറുപടി നല്‍കി. എങ്കില്‍ അത്തരം അക്കൗണ്ടുകള്‍ കണ്ടുപിടിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുകയായിരുന്നില്ളേ വേണ്ടതെന്ന് സുപ്രീംകോടതി ചോദിച്ചു. നിരോധനമല്ല, സഹകരണ ബാങ്കുകളിലൂടെ കളങ്കിതമായ പണം വരുന്നില്ളെന്ന് ഉറപ്പുവരുത്താനാവശ്യമായ പ്രായോഗിക നടപടി സര്‍ക്കാര്‍ സ്വീകരിച്ചാല്‍ മതിയാകുമായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ നിര്‍ദേശം പരിഗണിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. 

നിലവില്‍ നോട്ട് അച്ചടിക്കുന്ന നാല് പ്രസുകള്‍ തുടര്‍ച്ചയായി ആറ് മാസം നോട്ടടിച്ചാലും പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം മതിയായ നോട്ടുകള്‍ സര്‍ക്കാറിന് രാജ്യത്തിറക്കാന്‍ കഴിയില്ളെന്ന് മഹാരാഷ്ട്രയിലെ സഹകരണ ബാങ്കുകള്‍ക്കുവേണ്ടി ഹാജരായ മുന്‍ കേന്ദ്ര ധനമന്ത്രി കൂടിയായ പി. ചിദംബരം ബോധിപ്പിച്ചു. 35 ശതമാനം എ.ടി.എമ്മുകളും പണമില്ലാതെ വരണ്ടുകിടക്കുകയാണെന്നും ചിദംബരം ചൂണ്ടിക്കാട്ടി. പ്രമുഖ അഭിഭാഷകരായ കപില്‍ സിബല്‍, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരും തങ്ങളുടെ വാദമുഖങ്ങള്‍ നിരത്തി. ബുധനാഴ്ച രണ്ടു മണിക്ക് കേസില്‍ സുപ്രീംകോടതി വീണ്ടും വാദം കേള്‍ക്കും. ഇതിനായി ഒമ്പത് ചോദ്യങ്ങള്‍ കോടതി നിര്‍ണയിക്കുകയും ചെയ്തു.

Tags:    
News Summary - currency denomination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.