വെട്ടിയും തിരുത്തിയും 50 നാള്‍

നവംബര്‍ എട്ട്: കള്ളപ്പണവും കള്ളനോട്ടും തടയുന്നതിന്‍െറ ഭാഗമായി 500, 1000 രൂപ കറന്‍സി നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. കൈവശമുള്ള നോട്ടുകള്‍ നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെയുള്ള 50 ദിവസങ്ങള്‍ക്കിടയില്‍ ബാങ്ക്, പോസ്റ്റ് ഓഫിസ് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും അവസരം. മാറ്റിയെടുക്കാവുന്ന തുക നവംബര്‍ 24 വരെ 4000 രൂപ. ബാങ്കുകള്‍ ഒരുദിവസവും എ.ടി.എമ്മുകള്‍ രണ്ടുദിവസവും അടച്ചിടാന്‍ തീരുമാനം. എ.ടി.എമ്മില്‍നിന്ന് പിന്‍വലിക്കാവുന്ന തുക ദിവസം 2000 രൂപ. ബാങ്കില്‍നിന്ന് പിന്‍വലിക്കാവുന്നത് ദിവസം 10,000 രൂപയും ആഴ്ചയില്‍ 20,000 രൂപയും.
നവംബര്‍ 10: പുതിയ 2000 രൂപ നോട്ട് വിതരണം തുടങ്ങി.
നവംബര്‍ 11: അസാധുനോട്ട് സ്വീകരിക്കുന്നതിനുള്ള സമയപരിധി നവംബര്‍ 14 വരെ നീട്ടി.
നവംബര്‍ 12: ഡിസംബര്‍ 30 വരെ ഒരാള്‍ക്ക് ആകെ മാറിയെടുക്കാവുന്നത് 4000 രൂപ മാത്രമെന്ന് പ്രഖ്യാപനം. ബാക്കി തുക നിക്ഷേപിക്കാനേ കഴിയൂ.
നവംബര്‍ 13: പഴയ കറന്‍സി മാറ്റത്തിനുള്ള തുകയുടെ പരിധി 4500 രൂപയാക്കി. എ.ടി.എം വഴി ഒരുദിവസം പിന്‍വലിക്കാവുന്ന പരമാവധി തുക 2500 രൂപയായി ഉയര്‍ത്തി. ബാങ്കുകളില്‍നിന്ന് പിന്‍വലിക്കാവുന്ന തുക ആഴ്ചയില്‍ 24,000 രൂപയാക്കി.
നവംബര്‍ 14: അസാധുവായ നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കാനും മാറ്റിനല്‍കാനും ജില്ല സഹകരണബാങ്കുകള്‍ക്ക് നല്‍കിയ അനുമതി റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. അസാധുനോട്ട് സ്വീകരിക്കുന്നതിനുള്ള സമയപരിധി നവംബര്‍ 24 വരെ നീട്ടി.
നവംബര്‍ 15: അസാധുനോട്ട് മാറ്റുമ്പോള്‍ വിരലില്‍ മഷി പുരട്ടാന്‍ തീരുമാനം.
നവംബര്‍ 17: ബാങ്കില്‍നിന്ന് മാറ്റിയെടുക്കാവുന്ന പരമാവധി തുക 2000 രൂപയായി കുറച്ചു. രജിസ്റ്റര്‍ ചെയ്ത വ്യാപാരികള്‍ക്ക് ആഴ്ചയില്‍ 50,000 രൂപ വരെ പിന്‍വലിക്കാം. വിവാഹാവശ്യത്തിന് രണ്ടര ലക്ഷം രൂപ വരെ പിന്‍വലിക്കാം.
നവംബര്‍ 21: ഒരുകോടിയും അതിനുതാഴെയുമുള്ള വായ്പകള്‍ തിരിച്ചടക്കുന്നതിന് 60 ദിവസംകൂടി റിസര്‍വ് ബാങ്ക് ഇളവനുവദിച്ചു.
നവംബര്‍ 24: അസാധുവായ നോട്ടുകള്‍ ബാങ്കില്‍ മാറ്റിയെടുക്കുന്നതിനുള്ള സമയ പരിധി അവസാനിച്ചു.
നവംബര്‍ 29: കണക്കില്ലാ നിക്ഷേപത്തിന് കനത്ത നികുതിയടച്ച് നിയമവിധേയമാക്കാന്‍ അവസരം. പഴയ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയശേഷം ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച അവിഹിത സമ്പാദ്യത്തിന് നികുതിയും പിഴയും സര്‍ചാര്‍ജുമടക്കം 50 ശതമാനം തുക ഈടാക്കാന്‍ സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച ബില്‍ വ്യവസ്ഥ ചെയ്യുന്നു.  
ഡിസംബര്‍ ഒന്ന്: ജന്‍ധന്‍ അക്കൗണ്ടില്‍നിന്ന് പ്രതിമാസം 10,000 രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ അനുവദിക്കില്ല.
ഡിസംബര്‍ രണ്ട്: കള്ളപ്പണത്തിന് ഉയര്‍ന്ന നികുതിയും പിഴയും ഈടാക്കാന്‍ വ്യവസ്ഥ ചെയ്ത് സര്‍ക്കാര്‍ കൊണ്ടുവന്ന ആദായനികുതി നിയമഭേദഗതി വ്യവസ്ഥകള്‍ കള്ളസ്വര്‍ണത്തിനും ബാധകം. വിവാഹിതരായ സ്ത്രീകള്‍ക്ക് 500 ഗ്രാം (62.5 പവന്‍), അവിവാഹിതകള്‍ക്ക് 250 ഗ്രാം (31.25 പവന്‍), പുരുഷന്മാര്‍ക്ക് 100 ഗ്രാം (12.5 പവന്‍) എന്നിങ്ങനെയാണ് നിയമപ്രകാരം കൈവശം വെക്കാവുന്നത്.
ഡിസംബര്‍ മൂന്ന്: സഹകരണമേഖലയിലെ പ്രതിസന്ധി ആശങ്കാജനകമാണെന്നും ഗ്രാമീണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ എന്തു നടപടിയെടുത്തുവെന്ന് വ്യക്തമാക്കണമെന്നും കേന്ദ്രസര്‍ക്കാറിനോട് സുപ്രീംകോടതി.
ഡിസംബര്‍ അഞ്ച്: 20, 50 രൂപയുടെ പുതിയനോട്ടുകള്‍ ഉടന്‍ പുറത്തിറക്കും. എന്നാല്‍, നിലവിലുള്ള 20, 50 നോട്ടുകള്‍ പിന്‍വലിക്കില്ല.
ഡിസംബര്‍ 16: ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവരെ ഉള്‍പ്പെടുത്തി നറുക്കെടുപ്പിലൂടെ പാരിതോഷികം നല്‍കാനുള്ള 340 കോടിയുടെ പദ്ധതി കേന്ദ്രം പ്രഖ്യാപിച്ചു.
ഡിസംബര്‍ 17: ഡിസംബര്‍ 24 മുതല്‍ മാര്‍ച്ച് 31 വരെ കണക്കില്‍പ്പെടാത്ത വരുമാനം 50 ശതമാനം നികുതിയും പിഴയും ഒടുക്കി നിയമവിധേയമാക്കാമെന്ന് കേന്ദ്രം. കള്ളപ്പണം വെളുപ്പിക്കാനുള്ള അവസാന അവസരമാണിതെന്നും അറിയിച്ചു.
ഡിസംബര്‍ 19: 5000 രൂപക്ക് മുകളില്‍ അസാധുനോട്ടുകള്‍ ഡിസംബര്‍ 30 വരെ ഒറ്റത്തവണ മാത്രം അക്കൗണ്ടില്‍ നിക്ഷേപിക്കാം. തുകയുമായി ചെല്ലുന്നയാള്‍ കുറഞ്ഞത് രണ്ട് ബാങ്ക് ജീവനക്കാരുടെ സാന്നിധ്യത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം.  
ഡിസംബര്‍ 21: 19ലെ ഉത്തരവ് വ്യാപകമായി ചോദ്യംചെയ്യപ്പെട്ടതിനെ തുടര്‍ന്ന് അസാധുനോട്ട് നിക്ഷേപത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചു. കെ.വൈ.സി പാലിച്ച അക്കൗണ്ടില്‍ ഡിസംബര്‍ 30വരെ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാമെന്ന് നിര്‍ദേശിച്ച് പുതിയ ഉത്തരവിറങ്ങി. നവംബര്‍ എട്ടിന് നോട്ട് അസാധു പ്രഖ്യാപനം വന്നശേഷമുള്ള റിസര്‍വ് ബാങ്കിന്‍െറ 60ാമത്തെ തിരുത്തല്‍ വിജ്ഞാപനവും കൂടിയായിരുന്നു ഇത്.
ഡിസംബര്‍ 26: അസാധുനോട്ട് കൈവശംവെച്ചാല്‍ പിഴയീടാക്കുന്ന ഓര്‍ഡിനന്‍സിന് മന്ത്രിസഭ നീക്കം നടത്തുന്നതായി വാര്‍ത്ത വന്നു. ഡിസംബര്‍ 30നുശേഷം 500, 1000 രൂപയുടെ അസാധുനോട്ടുകള്‍ കൈവശംവെച്ചാല്‍ അഞ്ചിരട്ടി പിഴ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സാണ് പരിഗണിച്ചത്.
ഡിസംബര്‍ 28: ഓര്‍ഡിനന്‍സിന് അന്തിമരൂപമായി. ഡിസംബര്‍ 30നുശേഷം അസാധുനോട്ടുകള്‍ 10 എണ്ണത്തില്‍ കൂടുതല്‍ കൈവശംവെക്കുന്നത് കുറ്റകരമാക്കി ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രമന്ത്രിസഭ  തീരുമാനിച്ചു. 10 നോട്ടില്‍ കൂടുതലുണ്ടെങ്കില്‍ ചുരുങ്ങിയത് 10,000 രൂപ പിഴ. ഡിസംബര്‍ 31നുശേഷം 2017 മാര്‍ച്ച് 31 വരെ ചില റിസര്‍വ് ബാങ്ക് ശാഖകളില്‍ അസാധുനോട്ടുകള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, കടുത്ത നിബന്ധനകളോടെ പരിമിത നോട്ടുകളായിരിക്കും സ്വീകരിക്കുകയെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.
ഡിസംബര്‍ 29: റദ്ദാക്കിയ നോട്ടുകള്‍ ഡിസംബര്‍ 30നുശേഷം പരിധിവിട്ട് കൈവശംവെക്കുന്നവര്‍ക്ക് നാലുവര്‍ഷം ജയില്‍ശിക്ഷ ലഭിക്കുമെന്ന വ്യവസ്ഥ ഓര്‍ഡിനന്‍സിലുണ്ടെന്ന വാര്‍ത്ത കേന്ദ്രം നിഷേധിച്ചു. 
Tags:    
News Summary - currency demonetization TIMELINE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.