പശ്ചിമ ബംഗാളിൽ വോട്ടുപിടിക്കാൻ സി.പി.എമ്മിന്റെ എ.ഐ പരീക്ഷണം; പഴയ കമ്പ്യുട്ടർ വിരുദ്ധ സമരം ഓർമിപ്പിച്ച് തൃണമൂൽ

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ പ്രചാരണം നടത്താൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എ.ഐ) സഹായം തേടി സി.പി.എം. പാർട്ടി ​പ്രചാരണ വാർത്തകളും ജനങ്ങൾക്ക് താൽപര്യമുള്ള കാര്യങ്ങളും സമത എന്ന പേരിലുള്ള എ.ഐ ​കഥാപാത്രം വഴി ജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് പാർട്ടി ആരംഭിച്ചത്.

സമത ബംഗാളി ഭാഷയിലാണ് നിലവിൽ ആരംഭിച്ചതെന്നും ഹിന്ദി, ഇംഗ്ലീഷ് പതിപ്പുകളിലും ഉടൻ അവതരിപ്പിക്കുമെന്നും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സമിക് ലാഹിരി പറഞ്ഞു.

സമതക്ക് ഇതിനകം തന്നെ മികച്ച പ്രതികരണവും റീച്ചും ലഭിക്കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് ഇത് വളരെ സഹായകരമാകും. ഈ മേഖലയിൽ പ്രാവീണ്യമുള്ള പാർട്ടി പ്രവർത്തകരെ കൊണ്ടാണ് ഡിജിറ്റൽ പ്രചാരണം ചെയ്യിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കമ്പ്യൂട്ടർവത്കരണത്തെ എതിർത്ത സി.പി.എം എ.ഐ ഉപയോഗിക്കാൻ തുടങ്ങിയതിനെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്തുവന്നു. ലോക്‌സഭാ പ്രചാരണത്തിന് എ.ഐ ഉപയോഗിക്കുന്നതിനുമുമ്പ് കമ്പ്യൂട്ടർവത്കരണ നയം എതിർത്തതുമൂലം നല്ല ഭാവി നഷ്ടപ്പെട്ട യുവാക്കളോട് സി.പി.എം മാപ്പുപറയണമെന്ന് പശ്ചിമ ബംഗാൾ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു ആവശ്യപ്പെട്ടു. എന്നാൽ, കമ്പ്യൂട്ടർവത്കരണത്തെ സി.പി.എം ഒരിക്കലും എതിർത്തിട്ടില്ലെന്നും ഇതിന്റെ പേരിൽ ചില സ്വകാര്യ മേഖല ബാങ്കുകളിൽ വലിയ തോതിലുള്ള പിരിച്ചുവിടലുകളെയാണ് പാർട്ടി എതിർത്തിരു​ന്നതെന്നുമാണ് വിമർശനത്തിന് സംസ്ഥാന സി.പി.എം നൽകുന്ന മറുപടി.

കഴിഞ്ഞ നവംബറിൽ നടന്ന പാർട്ടിയുടെ സംസ്ഥാന പ്ലീനത്തിൽ ഡിജിറ്റൽ പ്രചാരണം ശക്തമാക്കുന്നതിനെപ്പറ്റി കൂടിയാലോചനകൾ നടന്നിരുന്നു. തുടർന്ന് ഡിജിറ്റൽ പ്രചാരവേല, സാമ്പത്തിക മേൽനോട്ടം, ഓഫിസ് നടത്തിപ്പ്, വിവരശേഖരണം തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ളവരെ തേടി ലിങ്ക്ഡ് ഇൻ ആപ്പിൽ കോർപറേറ്റ് ശൈലിയിൽ പാർട്ടി പരസ്യം നൽകിയത് വലിയ വാർത്തയായിരുന്നു. 

Tags:    
News Summary - CPM in West Bengal introduces AI anchor for Lok Sabha election campaigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.