സർക്കാർ തീരുമാനങ്ങളിൽ കൂടിയാലോചന ഉണ്ടായില്ലെന്ന് സി.പി.ഐ

ന്യൂഡൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിൽ എൽ.ഡി.എഫിലെ മുഖ്യ കക്ഷിയായ സി.പി.എമ്മിനെ കുറ്റപ്പെടുത്തി സി.പി.ഐ. സർക്കാർ എടുത്ത പല തീരുമാനങ്ങളിലും മുന്നണിയിൽ കൂടിയാലോചന ഉണ്ടായില്ലെന്നും ഇത് തിരിച്ചടിയായെന്നുമാണ് സി.പി.ഐ നേതാക്കളുടെ വിമർശനം. വേണ്ടത്ര കൂടിയാലോചനയില്ലാതെ ചില ആളുകൾ തീരുമാനമെടുത്താൽ അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും അത് കണ്ടുവെന്നും സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പ്രകാശ് ബാബു തുറന്നടിച്ചു. സർക്കാറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യതിയാനം കണ്ടപ്പോൾ പല കാര്യങ്ങളിലും മാറ്റം വേണമെന്ന് സി.പി.ഐ ആർജവത്തോടെ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ എന്ന നിലക്ക് തീരുമാനങ്ങൾ എടുക്കുമ്പോൾ അതിന്റെ കാരണം മുന്നണിയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.

തീരുമാനങ്ങൾ രണ്ടോ മൂന്നോ വ്യക്തികളുടെ മാത്രം താൽപര്യമാകരുത്. പല വിഷയങ്ങളിലും ഇടത് നിലപാടിനോട് ചേർന്ന തീരുമാനമല്ല സർക്കാറിൽ നിന്നുണ്ടായത്. തിരിച്ചടിക്കുള്ള പല കാരണങ്ങളിൽ ഒന്നാണിത്. ഇപ്പോൾ ഖേദം തോന്നേണ്ട ആവശ്യം സി.പി.ഐക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒന്നിലേറെ പാർട്ടികൾ ഒന്നിച്ചുകൂടി പൊതുവായ ലക്ഷ്യങ്ങൾക്കുവേണ്ടി ഉണ്ടായതാണ് മുന്നണിയെന്നും അതിനകത്ത് മുന്നണിയുടെ സംസ്കാരം വേണമെന്നും സി.പി.എമ്മിനെ പരോക്ഷമായി കുറ്റപ്പെടുത്തി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പറഞ്ഞു. മുന്നണിയിൽ ചർച്ചകൾ വേണം, അങ്ങോട്ടും ഇങ്ങോട്ടും സംസാരം വേണം. പി.എം. ശ്രീ, എലപ്പുള്ളി ബ്രൂവറി അടക്കം സി.പി.ഐ തിരുത്തിച്ച കാര്യങ്ങൾ ഒട്ടേറെയുണ്ടെന്ന് ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

അതേസമയം, പാര്‍ട്ടിയിലെ നേതൃമാറ്റ ചര്‍ച്ചകള്‍ തള്ളിയ ബിനോയ് വിശ്വം നിലവില്‍ നേതൃമാറ്റത്തിന്‍റെ അന്തരീക്ഷമില്ലെന്നും കൂട്ടിച്ചേർത്തു.കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് യോഗം ഡൽഹിയിൽ ആരംഭിച്ചു. കേരളത്തില്‍നിന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനുപുറമെ പ്രകാശ് ബാബു, പി. സന്തോഷ് കുമാര്‍ എം.പി, രാജാജി മാത്യു തോമസ് ഉള്‍പ്പെടെയുള്ള നേതാക്കളാണ് പങ്കെടുക്കുന്നത്.

Tags:    
News Summary - CPI says there was no consultation on government decisions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.