ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഗോരക്ഷക ഗുണ്ടകളുടെ ആക്രമണങ്ങൾ ഡൽഹിയിലിരുന്ന് സുപ്രീംകോടതിക്ക് സൂക്ഷ്മമായി കൈകാര്യം ചെയ്യാനാവില്ലെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ദേശീയ മഹിള ഫെഡറേഷൻ സമർപ്പിച്ച പൊതുതാൽപര്യ ഹരജി തീർപ്പാക്കിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ചില സംസ്ഥാനങ്ങളുണ്ടാക്കിയ ഗോ സംരക്ഷണ നിയമങ്ങളുടെ സാധുത പരിശോധിക്കാനും സുപ്രീംകോടതി വിസമ്മതിച്ചു. ഈ വിഷയത്തിൽ നേരത്തേയുള്ള ഉത്തരവുകൾ ലംഘിച്ച് വ്യക്തികൾ ഗോ സംരക്ഷണത്തിന്റെ പേരിൽ നിയമം കൈയിലെടുക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്ന അഡ്വ. നിസാമുദ്ദീൻ പാഷയുടെ വാദം ജസ്റ്റിസ് ബി.ആർ. ഗവായ് അംഗീകരിച്ചില്ല. യഥാർഥത്തിൽ സംസ്ഥാന സർക്കാറാണ് നിയമം പാലിക്കുന്നുണ്ടോ എന്നുറപ്പുവരുത്തേണ്ടതെന്നും അതിനാൽ ബന്ധപ്പെട്ട ഹൈകോടതികളെയാണ് സുപ്രീംകോടതി മാർഗനിർദേശങ്ങൾ നടപ്പാക്കിക്കിട്ടാൻ സമർപ്പിക്കേണ്ടതെന്നും ബെഞ്ച് വ്യക്തമാക്കി.
ബുൾഡോസറുകൾ ഇറക്കി ഇടിച്ചുനിരത്തുന്ന കാര്യത്തിൽപോലും സുപ്രീംകോടതി മാർഗനിർദേശങ്ങൾ നൽകിയതാണ്. അതിനാൽ, കക്ഷികൾക്ക് അതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട അധികാരികളെ സമീപിക്കാം. ഓരോ സംസ്ഥാനങ്ങളിലെയും സ്ഥിതി വ്യത്യസ്തമായിരക്കും. ചില സംസ്ഥാനങ്ങളിൽ ഗോമാംസ ഉപയോഗം പതിവാണ്. ഡൽഹിയിലിരുന്നുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ ചെറിയ വിഷയങ്ങളും സൂക്ഷ്മമായി കൈകാര്യം ചെയ്യാനാവില്ല. എല്ലാ സംസ്ഥാനങ്ങളിലെയും നിയമങ്ങൾ സുപ്രീംകോടതിക്ക് പരിശോധിക്കാനാവില്ലെന്നും ഓരോ സംസ്ഥാനത്തെയും നിയമത്തിനെതിരെ അതത് ഹൈകോടതികളിൽ പോകുകയാണ് വേണ്ടതെന്നും ബെഞ്ച് വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.