പുനെ: കോവിഡ് പരിശോധന സ്വയം നടത്തുന്നതിന് ഇന്ത്യൻ കമ്പനി വികസിപ്പിച്ചെടുത്ത ആദ്യത്തെ കിറ്റ് 'കോവിസെല്‍ഫ്' ഉടൻ വിപണിയില്‍ ലഭ്യമാകുമെന്ന് നിർമാതാക്കളായ മൈലാബ് ഡിസ്‌കവറി സൊലൂഷൻസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്ത 'കോവിസെൽഫി'ന് 250 രൂപയാണ് വില. ഇതുപയോഗിച്ച് 15 മിനിറ്റിനുള്ളിൽ ഫലമറിയാമെന്ന് കമ്പനി അവകാശപ്പെടുന്നു. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ മരുന്നുകടകൾക്ക് പുറമേ സര്‍ക്കാറിന്‍റെ ഇ-മാര്‍ക്കറ്റിങ് സൈറ്റിലും (Government e-marketplace-GEM) ഫ്ലിപ്കാർട്ടിലും കിറ്റ് ലഭ്യമാക്കും
സ്വയം കോവിഡ് പരിശോധന നടത്താന്‍ സഹായിക്കുന്ന 'കോവിസെൽഫി'ന് കഴിഞ്ഞമാസം ഇന്ത്യൻ' കൗൺസിൽ ഫൊർ മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) അനുമതി നല്‍കിയിരുന്നു. കിറ്റ് ഉപയോഗിച്ച് റാപിഡ് ആന്‍റിജന്‍ പരിശോധന നടത്താനാകും. കോവിഡ് രോഗലക്ഷണമുള്ളവര്‍ മാത്രം കിറ്റ് ഉപയോഗിച്ചാല്‍ മതിയെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. പോസിറ്റീവ് ആണെങ്കില്‍ ആര്‍.ടി-പി.സി.ആര്‍. പരിശോധന നടത്തേണ്ടതില്ല. രോഗലക്ഷണമുള്ളവര്‍ക്ക് നെഗറ്റീവ് ഫലമാണ് ലഭിക്കുന്നതെങ്കിൽ ഉടന്‍ ആര്‍.ടി-പി.സി.ആര്‍ പരിശോധന നടത്തുകയയും വേണം.
ഒരു ട്യൂബ്, മൂക്കില്‍നിന്ന് സാമ്പിള്‍ ശേഖരിക്കാൻ അണുനശീകരണം നടത്തിയ ചെറിയ തണ്ട്, ടെസ്റ്റ് കാര്‍ഡ്, ഇവയൊക്കെ സുരക്ഷിതമായി കളയാനുള്ള ബാഗ് എന്നിവയാണ് കിറ്റിലുണ്ടാവുക. ആദ്യഘട്ടത്തിൽ പത്ത് ലക്ഷം കിറ്റുകളാണ് വിപണിയിലെത്തിക്കുക. ആവശ്യക്കാർ വർധിക്കുന്നതനുസരിച്ച് ആഴ്ചയിൽ ഒരുകോടി യൂനിറ്റുകൾ വരെ ഉൽപാദിപ്പിക്കാനാകുമെന്ന് പുനെ ആസ്ഥാനമായ മൈലാബ് ഡിസ്‌കവറി സൊലൂഷന്‍സ് ലിമിറ്റഡിന്‍റെ എം.ഡി ഹസ്മുഖ് റാവൽ പറഞ്ഞു. കഴിഞ്ഞ വർഷം ഇന്ത്യയിലെ ആദ്യ ആർ.ടി-പി.സി.ആർ ടെസ്റ്റ് കിറ്റ് വിപണിയിലെത്തിച്ച കമ്പനിയാണ് മൈലാബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.