ന്യൂഡൽഹി: ഭരണകൂടങ്ങൾ കരുതൽ തടങ്കൽ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് കോടതികൾ നിർബന്ധമായും പരിശോധിക്കണമെന്ന് സുപ്രീം കോടതി. ഭരണകൂടത്തിന് ഏകപക്ഷീയ അധികാരങ്ങൾ നൽകുന്ന നിയമങ്ങൾ വിമർശനാത്മകമായി പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. ഇന്ത്യയിലെ കരുതൽ തടങ്കൽ നിയമങ്ങൾ കൊളോണിയൽ ഭരണത്തിന്‍റെ പിന്തുടർച്ചയാണ്. അത് ഭരണകൂടം ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതാണ്. നടപടിക്രമങ്ങൾ പാലിക്കുന്നതിൽ ചെറിയ പിഴവുണ്ടായാൽ തടങ്കലിന് അനുകൂലമായി മാറുമെന്നും സുപ്രീം കോടതി പറഞ്ഞു.
ഫോറിൻ എക്സ്ചേഞ്ച് കൺസർവേഷൻ ആന്റ് സ്മഗ്ളിങ് ആക്ടിവിറ്റീസ് (കോഫെപോസ) ആക്ട് പ്രകാരം ഒരു വ്യക്തിക്കെതിരായ തടങ്കൽ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, വി രാമസുബ്രഹ്മണ്യൻ എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞി ദിവസം ഈ നിർദേശം മുന്നോട്ടു വച്ചത്.
തന്നെ തടങ്കലിൽ വച്ചതിന്റെ കാരണം വ്യക്തമല്ലെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റവന്യൂ ഇന്റലിജൻസ് ഡയറക്‌ടറേറ്റ് ഹരജിക്കാരനായ പ്രമോദ് സിഗ്ലയെ കസ്റ്റഡിയെടുത്തിരുന്നു. ഒരു മാസത്തിന് ശേഷം ഇതിനേതിരെ സിഗ്ല കേന്ദ്രത്തിന് ഹരജിനൽകി. ഏപ്രിൽ മാസത്തിൽ തന്റെ തടങ്കലിനെതിരേ ഉപദേശക ബോർഡിനും ഹരജിയും നൽകി. എന്നാൽ മെയ് 9 ന് കേന്ദ്രം ഹരജി തള്ളി. തടങ്കൽ ഉത്തരവ് റദ്ദാക്കാൻ ഡൽഹി ഹൈക്കോടതിയും വിസമ്മതിച്ചതോടെയാണ് സിഗ്ല സുപ്രീം കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.