'എല്ലാത്തിനെയും ഭീകരതയായി വ്യാഖ്യാനിക്കുന്ന കെണിയിൽ കോടതി വീഴരുത്'; ഉമർ ഖാലിദ് ഡൽഹി ഹൈകോടതിയിൽ

ന്യൂഡൽഹി: എല്ലാ പ്രവൃത്തികളെയും ഭീകരത പ്രവർത്തനങ്ങളായി വ്യാഖ്യാനിക്കുന്ന കെണിയിൽ കോടതി വീഴരുതെന്ന് പൗരത്വ സമരത്തിന്​ നേതൃത്വം നൽകിയതിന്‍റെ പേരിൽ​ ഡൽഹി പൊലീസ്​ കലാപ ഗൂഢാലോചനാ കേസിൽപ്പെടുത്തി യു.എ.പി.എ ചുമത്തിയ ജെ.എൻ.യു വിദ്യാർഥി നേതാവ്​ ഉമർ ഖാലിദ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം പൊതുജനങ്ങളിൽ ഭയവും അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചതിന് പിന്നാലെയാണ് ഉമർ ഖാലിദ് കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. ഉമർ ഖാലിദിന്‍റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കൽ ചൊവ്വാഴ്ചയും തുടരും.

ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിചാരണ കോടതിയുടെ ഉത്തരവിൽ റോഡ് ഉപരോധത്തെ യാതൊരു അടിസ്ഥാനവുമില്ലാതെ ഭീകരപ്രവർത്തനമായി ഉയർത്തിക്കാട്ടിയതായി ഉമർ ഖാലിദിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ത്രിദീപ് പയസ് ചൂണ്ടിക്കാട്ടി.

നീതീകരിക്കാനാകാത്ത ഒരു നിയമത്തിനെതിരെയായിരുന്നു പ്രതിഷേധമെന്ന് അഭിഭാഷകൻ പറഞ്ഞു. അക്രമം നടത്തുകയോ ലക്ഷ്യമിടുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ യു.എ.പി.എ നിയമത്തിലെ 15ാം വകുപ്പ് നിലനിൽക്കില്ല. ഉമർ ഖാലിദിനെതിരെ ചുമത്തിയ പല വകുപ്പുകളും ഭീകരപ്രവർത്തനമെന്ന വാദത്തെ ശരിവെക്കുന്നതല്ല. ഒരു അക്രമപ്രതിഷേധങ്ങളിലും പങ്കെടുത്തിട്ടുമില്ല. അത്തരം പ്രതിഷേധത്തിൽ പങ്കെടുത്തതിന്‍റെ ഒരു തെളിവുപോലും ഹാജരാക്കാനായിട്ടില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. കുറ്റപത്രത്തിൽ ഉമർഖാലിദിനെതിരായ പല പരാമർശങ്ങളും മുൻവിധി സൃഷ്ടിക്കുന്നവയാണെന്നും വർഗീയ ചുവയുള്ളതാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ഉമർ ഖാലിദിനെ കുറ്റപത്രത്തിൽ വിശേഷിപ്പിച്ചതിൽ അൽപ്പം വാചാലതയുണ്ടായതായി സമ്മതിക്കുന്നതായി ജസ്റ്റിസ് സിദ്ധാർഥ് മൃദുൽ പറയുകയും ചെയ്തു.

2020 സെപ്​റ്റംബർ 13നാണ്​ ഉമർ ഖാലിദ്​ അറസ്റ്റിലായത്​. മഹാരാഷ്​​ട്രയിലെ അമരാവതിയിൽ ഉമർ ഖാലിദ്​ നടത്തിയ പൗരത്വ സമര പ്രസംഗ​ത്തിന്‍റെ പേരിലായിരുന്നു അറസ്റ്റ്​. വിചാരണ കോടതി കഴിഞ്ഞ മാർച്ച് 24ന് ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചിരുന്നു. 



കഴിഞ്ഞ തവണ വാദം കേട്ടപ്പോൾ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ ജും​ല (വാ​ച​ക​മ​ടി) എ​ന്ന പ​ദം ഉ​പ​യോ​ഗി​ക്കു​ന്നോ എ​ന്ന് ഉ​മ​ർ ഖാ​ലി​ദി​നോ​ട് ഹൈ​കോ​ട​തി ചോദിച്ചിരുന്നു. വി​മ​ർ​ശ​ന​ത്തി​ന് ല​ക്ഷ്മ​ണ​രേ​ഖ വേ​ണ​മെ​ന്നും ഡി​വി​ഷ​ൻ ബെ​ഞ്ച് അ​ഭി​പ്രാ​യ​പ്പെ​ട്ടിരുന്നു.

Tags:    
News Summary - Court should not fall into trap of interpreting everything as terror: Umar Khalid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.