മുംബൈ: വായ്പതട്ടിപ്പ് കേസിൽ വജ്രവ്യാപാരി നീരവ് മോദിയിൽനിന്ന് കണ്ടുകെട്ടിയ 71 കോടി രൂപയിലധികം വിലമതിക്കുന്ന 18 സ്വത്തുകൾ പഞ്ചാബ് നാഷനൽ ബാങ്കിനും (പി.എൻ. ബി) ഇടനിലക്കാർക്കും വിട്ടുനൽകാൻ കോടതി ഉത്തരവ്.
ഇ.ഡി കണ്ടുകെട്ടിയ നീരവ് മോദിയുടെ സ്വത്തുകൾ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പി.എൻ.ബി കോടതിയെ സമീപിക്കുകയായിരുന്നു. വ്യാജ കടപത്രങ്ങളുണ്ടാക്കി നീരവ് മോദി 7,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ബാങ്ക് കോടതിയിൽ ആരോപിച്ചു.
രത്ന വ്യാപാര കേന്ദ്രമായ ഭാരത് ഡയമണ്ട് ബ്രൗസിൽ സൂക്ഷിച്ച 40 കോടിയുടെ രത്നങ്ങൾ, പഞ്ചനക്ഷത്ര ഹോട്ടലിൽ പ്രദർശനത്തിനുവെച്ച 16 ആഭരണങ്ങൾ, കുർളയിലെ ഓഫിസ്, ബെന്റ്ലി ഉൾപ്പെടെ 26 ലക്ഷം രൂപ വിലമതിക്കുന്ന എട്ട് കാറുകൾ എന്നിവയടക്കം മോദിയുടെ ഫയർസ്റ്റാർ ഇന്റർനാഷനൽ ലിമിറ്റഡ്, ഫയർസ്റ്റാർ ഡയമണ്ട് ഇന്റർനാഷനൽ ലിമിറ്റഡ് എന്നീ രണ്ട് സ്ഥാപനങ്ങൾക്കായി നിയമിച്ച ഇടനിലക്കാർക്കും പി എൻ ബിക്കും വിട്ടുനൽകാനാണ് കോടതി നിർദേശം.
വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബ്രിട്ടണിൽ പിടിയിലായ നീരവ് മോദി ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവിനെതിരെ നിയമപോരാട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.