ഉമറിനും ശർജീലിനും ജയിൽ വിധിച്ചത് ‘കുറ്റകൃത്യത്തിന്റെ ശ്രേണി’ നോക്കി

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ സമരം നയിച്ചവരിൽ ഉമർ ഖാലിദിനും ശർജീൽ ഇമാമിനും മാത്രം സുപ്രീംകോടതി ജാമ്യം നിഷേധിച്ചത് കുറ്റകൃത്യത്തിന്റെ ശ്രേണി നോക്കി. ഒരേ കേസിലെ പ്രതികൾക്കിടയിൽ അത്തരമൊരു ശ്രേണീബന്ധം ഉണ്ടെന്ന് സ്ഥാപിച്ചാണ് പൗരത്വസമരത്തിൽ ഒപ്പമുള്ള അഞ്ചുപേർക്ക് ജാമ്യം അനുവദിച്ചപ്പോഴും രണ്ടു പേർക്ക് ജാമ്യം അനുവദിക്കാനാവില്ലെന്നതിനു ന്യായമായി സുപ്രീംകോടതി പറഞ്ഞത്.

കേസിൽ പ്രോസിക്യൂഷൻ ആരോപിക്കുന്ന ഡൽഹി കലാപ ഗൂഢാലോചന എന്ന സങ്കൽപമുണ്ടാക്കുന്നതിലും ആസൂത്രണം ചെയ്യുന്നതിലും ഏകോപിപ്പിക്കുന്നതിലും ഉമറും ശർജീലും കേന്ദ്രസ്ഥാനത്തുനിന്നുകൊണ്ട് നിർണായക പങ്കുവഹിച്ചെന്നും എന്നാൽ, മറ്റ് അഞ്ചുപേർ ഇരുവർക്കും സഹായകരമായ പങ്ക് മാത്രമാണുണ്ടായിരുന്നതെന്നും ബെഞ്ച് പറയുന്നു. ജാമ്യം കിട്ടിയ ഗുൽഫിഷ, മീരാൻ എന്നിവർക്കെതിരായ കേസ് തള്ളുകയോ അതിനെ ലഘൂകരിച്ചു കാണുകയോ അല്ല.

പരിമിതമായ കുറ്റകൃത്യത്തിന് ജയിൽവാസം നീട്ടേണ്ടതില്ല

വ്യക്തിഗത സാഹചര്യങ്ങൾ കൂടി നോക്കാതെ എല്ലാ പ്രതികളുടെയും തടവറക്കാലം ഒരുപോലെ നീട്ടിക്കൊണ്ടുപോകുന്നത് കുറ്റകൃത്യത്തിൽ പരിമിതമായ തോതിൽ മാത്രം ഉൾപ്പെട്ടവരുടെ ഭാരമേറ്റുമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. വ്യക്തി സ്വാതന്ത്ര്യവും പൊതുസുരക്ഷയും സന്തുലിതമാക്കുന്നതിന് പരിമിതമായ പങ്ക് ഉള്ള പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കണം.

സുപ്രീംകോടതിക്ക് മുമ്പാകെയുള്ള പ്രോസിക്യൂഷന്റെ വാദത്തിലും കോടതിക്ക് മുമ്പാകെ വെച്ച തെളിവുകളിലും ഉമർ ഖാലിദിന്റെയും ശർജീൽ ഇമാമിന്റെയും പങ്ക് വേറിട്ടുനിൽക്കുന്നെന്ന് ബെഞ്ച് വ്യക്തമാക്കി. ഓരോരുത്തർക്കും കേസിലുള്ള പങ്ക് സൂക്ഷ്മമായി പരിഗണിച്ച് വേണം ജാമ്യത്തിനുള്ള നിയമപരമായ നിയന്ത്രണങ്ങൾ യുക്തിസഹമായും ആനുപാതികമായും നടപ്പാക്കേണ്ടതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ജാമ്യം നിഷേധിച്ചത് ദൗർഭാഗ്യകരം -എസ്.ക്യു.ആർ. ഇല്യാസ്

ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചത് ദൗർഭാഗ്യകരമെന്ന് പിതാവ് എസ്.ക്യു.ആർ. ഇല്യാസ്. ‘‘ഇത് തികച്ചും ദൗർഭാഗ്യകരമാണ്. കോടതിവിധിയെ മാനിക്കുന്നു, കൂടുതലൊന്നും പറയാനില്ല’’ -എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

വിധിക്കെതിരെ സി.പി.ഐ (എം.എൽ)

ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ജാമ്യം നിഷേധിച്ചുള്ള സുപ്രീംകോടതി വിധി ഞെട്ടലുളവാക്കുന്നതാണെന്ന് സി.പി.ഐ (എം.എൽ). വിചാരണയില്ലാതെ അഞ്ചുവർഷത്തിലേറെ തടങ്കലിൽ കഴിഞ്ഞതിനുശേഷവും ഇരുവരുടെയും ജാമ്യം നിഷേധിച്ചത് നഗ്നമായ നീതിനിഷേധമാണ്. നീതി ന്യായ വ്യവസ്ഥയെ പരിഹാസ്യമാക്കുന്ന വിധിക്കെതിരെ രാജ്യത്തെ പൗരന്മാർ ശബ്ദമുയർത്തണമെന്നും സി.പി.ഐ (എം.എൽ) ലിബറേഷൻ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറഞ്ഞു.

പൗരസ്വാതന്ത്ര്യത്തിനും വിയോജിക്കാനുള്ള അവകാശത്തിനും സംരക്ഷണമൊരുക്കാൻ സുപ്രീം കോടതിയെയാണ് പ്രതീക്ഷിച്ചിരുന്നത്. ജനാധിപത്യ സ്ഥാപനങ്ങളുടെ തകർച്ചക്കെതിരെയും രാജ്യത്തെ ഭരണഘടനാ മൂല്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനും ഉയിർത്തെഴുന്നേൽക്കേണ്ടത് ജനങ്ങളാണെന്നും പാർട്ടി വ്യക്തമാക്കി.

Tags:    
News Summary - court denies bail to umar khalid sharjeel imam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.