ചുട്ടുപൊള്ളി രാജ്യം; ഉഷ്ണതരംഗ മരണകണക്കുകളിൽ കള്ളക്കളി തുടർന്ന് അധികാരികൾ

ന്യൂഡൽഹി: രാജ്യത്ത് അന്തരീക്ഷ താപനില സർവകാല റെക്കോഡുകളും ഭേദിച്ച് മുന്നേറുമ്പോൾ, ഉഷ്ണതരംഗം മൂലം മരിച്ചുവീഴുന്നവരുടെ യഥാർത്ഥ കണക്കുകൾ പുറത്തുവിടാതെ കേന്ദ്ര-സംസ്ഥാന ഏജൻസികൾ ഒളിച്ചുകളിക്കുന്നതായി ആക്ഷേപം. നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോ (NCRB), നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (NCDC), ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) എന്നീ പ്രമുഖ ഔദ്യോഗിക സംവിധാനങ്ങൾ പുറത്തുവിടുന്ന മരണക്കണക്കുകളിലെ വൻതോതിലുള്ള വൈരുധ്യമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഇന്ത്യയിൽ ചൂടുമൂലമുള്ള മരണങ്ങൾ രേഖപ്പെടുത്താൻ കൃത്യമായ ഒരു ഏകീകൃത സംവിധാനമില്ല. രാജ്യത്തെ മൂന്ന് പ്രധാന ഏജൻസികൾ പുറത്തുവിട്ട 2015-2020 കാലയളവിലെ മരണക്കണക്കുകൾ പരിശോധിച്ചാൽ ഈ വൈരുധ്യം വ്യക്തമാകും. കഴിഞ്ഞ 5 വർഷത്തെ കണക്ക് പ്രകാരം നാഷനൽ ക്രൈം റെക്കോഡ്സ് ബ്യൂറോ പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി രേഖപ്പെടുത്തിയത് 8,171 മരണങ്ങളാണ്. എൻ.സി.ഡി.സി ആശുപത്രികളിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് കഴിഞ്ഞ 5 വർഷം സ്ഥിരീകരിച്ചത് 3,812 മരണങ്ങൾ മാത്രമാണ്. ഐ.എം.ഡി ദുരന്തനിവാരണ അതോറിറ്റികളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ പ്രകാരം കഴിഞ്ഞ 5 വർഷം കണക്കാക്കിയത് 3,436 മരണങ്ങളാണ്. ഒരു മരണകാരണത്തെക്കുറിച്ച് മൂന്ന് സർക്കാർ സംവിധാനങ്ങൾ മൂന്ന് തരം കണക്കുകൾ നൽകുന്നത്.

ഉഷ്ണതരംഗം മൂലം രാജ്യത്ത് സംഭവിക്കുന്ന യഥാർത്ഥ മരണങ്ങളുടെ പത്തിലൊന്ന് മാത്രമാണ് നിലവിൽ ഔദ്യോഗിക രേഖകളിൽ ഇടംപിടിക്കുന്നതെന്നാണ് പൊതുജനാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞദിവസം ഗുജറാത്തിലെ സൂറത്തിൽ തുണിമില്ലിൽ നിന്നും മടങ്ങവേ കഠിനമായ ചൂടുകാരണം നിർജ്ജലീകരണം സംഭവിച്ച് റോഡിൽ കുഴഞ്ഞുവീണു മരിച്ച മുപ്പതുകാരനായ അനുജ്കുമാർ ഷാ എന്ന അതിഥി തൊഴിലാളിയുടെ മരണം രാജ്യത്തെ കനക്കുന്ന വേനലിന്റെ ഒടുവിലത്തെ ഇരയാണ്. ഒഡീഷയിൽ സെൻസസ് ഡ്യൂട്ടിക്കിടെ രണ്ട് അധ്യാപകരും, പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ നാലും പേർ കഠിനമായ ചൂടിൽ മരണപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിൽ ഇടിമിന്നൽ കഴിഞ്ഞാൽ കാലാവസ്ഥാ വ്യതിയാനം മൂലം ഏറ്റവും കൂടുതൽ മനുഷ്യർ മരിക്കുന്നത് ഉഷ്ണതരംഗം മൂലമാണെന്ന് എൻ.സി.ആർ.ബി വ്യക്തമാക്കുമ്പോഴും, ഏകോപനമില്ലാത്ത ഡാറ്റാ ശേഖരണമാണ് യഥാർത്ഥ ചിത്രം മറച്ചുവെക്കുന്നത്. എൻ.സി.ആർ.ബി പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടുകളെ ആശ്രയിക്കുമ്പോൾ, എൻ.സി.ഡി.സി ആശുപത്രികളിലെ വിവരങ്ങളും ഐ.എം.ഡി പ്രാദേശിക മാധ്യമ റിപ്പോർട്ടുകളുമാണ് ആശ്രയിക്കുന്നത്. ഇത് ഒരേ കാലയളവിൽ ഒരു ഏജൻസി അയ്യായിരത്തിനടുത്ത് മരണം രേഖപ്പെടുത്തുമ്പോൾ മറ്റൊന്ന് അത് ആയിരമായി ചുരുക്കുന്ന വിരോധാഭാസത്തിലേക്ക് നയിക്കുകയാണ്.

നേരിട്ടുള്ള സൂര്യാഘാത മരണങ്ങൾ (Heatstroke) മാത്രമാണ് ഇന്ത്യയിൽ ഉഷ്ണതരംഗം മൂലമുള്ള മരണമായി ഔദ്യോഗികമായി കണക്കിലെടുക്കുന്നത്. അത്യുഷ്ണം കാരണം ഹൃദയാഘാതമോ പക്ഷാഘാതമോ വന്ന് മരണപ്പെടുന്ന പ്രായമായവരുടെയും മറ്റ് രോഗികളുടെയും മരണകാരണം 'കാർഡിയോ റെസ്പിറേറ്ററി ഫെയിലിയർ' എന്ന് മാത്രം രേഖപ്പെടുത്തി യഥാർത്ഥ വില്ലനായ കാലാവസ്ഥയെ ഡോക്ടർമാർ ഒഴിവാക്കുകയാണ് ചെയ്യുന്നത്. കൂടാതെ, സംസ്ഥാന സർക്കാരുകൾ കേന്ദ്രത്തിന് കൃത്യമായ വിവരങ്ങൾ കൈമാറാൻ മടിക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഉദാഹരണത്തിന്, തെലങ്കാനയിൽ നൂറിലധികം മരണങ്ങൾ കേന്ദ്ര ഏജൻസികൾ രേഖപ്പെടുത്തിയപ്പോൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വെറും പത്ത് മരണങ്ങൾ മാത്രമാണ് സമ്മതിച്ചത്. ബിഹാർ പോലുള്ള സംസ്ഥാനങ്ങളിൽ കൃത്യമായ കാലാവസ്ഥാ നിരീക്ഷണ ശൃംഖല പോലുമില്ലാത്തതിനാൽ അവിടെ സംഭവിക്കുന്ന മരണങ്ങൾ പൂർണ്ണമായും ഒഴിവാക്കപ്പെടുകയാണ്.

യൂറോപ്യൻ രാജ്യങ്ങളിൽ വിജയകരമായി നടപ്പിലാക്കിയ വേനൽക്കാലത്തെ ആകെ മരണനിരക്കിലുണ്ടാകുന്ന അസ്വാഭാവികമായ വർധനവിനെ അടിസ്ഥാനമാക്കി ചൂടിന്റെ തീവ്രത അളക്കുന്ന 'എക്സസ് മോർട്ടാലിറ്റി' രീതി നടപ്പിലാക്കാൻ നമ്മുടെ രാജ്യം ഇനിയും മടിക്കുകയാണ്. ഈ വിവരങ്ങൾ കൃത്യമായി പുറത്തുവിട്ടില്ലെങ്കിൽ ദുരന്തത്തിന്റെ വ്യാപ്തി കുറച്ചുകാണിക്കപ്പെടുകയും, അത് സാധാരണക്കാരായ ജനങ്ങൾക്കുള്ള പ്രതിരോധ പദ്ധതികളെ ദോഷകരമായി ബാധിക്കുകയും ചെയ്യും.കൂടാതെ, ചൂട് ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനാൽ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കാനും ഈ ഔദ്യോഗിക സ്ഥിരീകരണം അനിവാര്യമാണ്

Tags:    
News Summary - Country Burns; Authorities Continue to Fudge Heatwave Death Toll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.