ഗൗരി ശങ്കർ
സ്വാമി
ബംഗളൂരു: തുമകുരു റൂറലിൽനിന്നുള്ള ജെ.ഡി-എസ് എം.എൽ.എ ഡി.സി. ഗൗരി ശങ്കർ സ്വാമിയെ അയോഗ്യനാക്കി കർണാടക ഹൈകോടതി വിധി.തെരഞ്ഞെടുപ്പിലെ അഴിമതി സംബന്ധിച്ച കേസിലാണ് വിധി. അതേസമയം, അയോഗ്യത വിധി ഒരു മാസത്തേക്ക് തടഞ്ഞുവെച്ച ഹൈകോടതി, ഗൗരി ശങ്കർ സ്വാമിക്ക് സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ സമയം അനുവദിച്ചു. എതിർ സ്ഥാനാർഥിയായിരുന്ന ബി.ജെ.പിയുടെ സുരേഷ് ഗൗഡ നൽകിയ പരാതിയിലാണ് ഹൈകോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. 2018ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യാജ ഇൻഷുറൻസ് ബോണ്ടുകൾ വോട്ടർമാർക്ക് നൽകിയതായാണ് പരാതി.
എന്നാൽ പരാതി നൽകി അഞ്ചുവർഷം കഴിയവെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് ഹൈകോടതി വിധിയെന്നതാണ് കൗതുകകരം.ഫെബ്രുവരി 17ന് കേസിൽ വാദം പൂർത്തിയായിരുന്നു. ജനപ്രാതിനിധ്യനിയമത്തിലെ 101ാം വകുപ്പു പ്രകാരമാണ് കോടതി എം.എൽ.എയെ അയോഗ്യനാക്കിയത്.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ഗൗരി ശങ്കർ സ്വാമി മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ അയോഗ്യത വിധി തൽക്കാലത്തേക്ക് സസ്പെൻഡ് ചെയ്യണമെന്നും എതിർ ഹരജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടത് കോടതി അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.