ന്യൂഡല്‍ഹി: ആത്മഹത്യ ചെയ്യുന്നതിന്‍െറ തലേന്ന് അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കാലികോ പുല്‍ എഴുതിയ 60 പേജുള്ള കുറിപ്പില്‍ സ്ഫോടനാത്മക വെളിപ്പെടുത്തല്‍. കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിനാണ് പുല്‍ ഇട്ടനഗറിലെ ഒൗദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ചത്. നിലവിലെ മുഖ്യമന്ത്രി പെമ ഖണ്ഡു അടക്കമുള്ള ഉന്നത രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും അഴിമതിയെക്കുറിച്ചും കോടതികള്‍ അടക്കമുള്ള ഭരണഘടന സ്ഥാപനങ്ങള്‍ക്കെതിരെയും അതീവ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യക്കുറിപ്പില്‍. പുലിന്‍െറ മൃതദേഹത്തില്‍നിന്ന് കണ്ടെടുത്ത ‘എന്‍െറ വിചാരങ്ങള്‍’ എന്ന ദീര്‍ഘമായ കുറിപ്പ് ‘ദ വയര്‍’ എന്ന ഹിന്ദി വെബ്സൈറ്റാണ് പുറത്തുവിട്ടത്. ഹിന്ദിയില്‍ ടൈപ് ചെയ്ത കുറിപ്പിന്‍െറ ഓരോ പേജിലും അദ്ദേഹത്തിന്‍െറ ഒപ്പുണ്ട്.

മുന്‍ മുഖ്യമന്ത്രിമാരായ ദോര്‍ജി ഖണ്ഡു, നബാം തുകി, നിലവിലെ മുഖ്യമന്ത്രി പെമ ഖണ്ഡു എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ കോടികളുടെ അഴിമതിയും ക്രമക്കേടും കുറിപ്പില്‍ അക്കമിട്ട് നിരത്തുന്നു. മന്ത്രിമാരും എം.എല്‍.എമാരും ഉദ്യോഗസ്ഥലോബിയും അടങ്ങിയ ഭരണമാഫിയയെയും പുല്‍ തുറന്നുകാട്ടുന്നു.ദോര്‍ജി ഖണ്ഡു മന്ത്രിയായപ്പോള്‍ സര്‍ക്കാര്‍ ഫണ്ട് അദ്ദേഹത്തിന്‍െറ കീശയിലേക്കാണ് ഒഴുകിയതെന്ന് പുല്‍ ആരോപിക്കുന്നു. സംസ്ഥാനത്തെ നദികളും ജലസ്രോതസ്സുകളും ലേലം ചെയ്താണ് ഊര്‍ജമന്ത്രിയായിരുന്ന അദ്ദേഹം പണമുണ്ടാക്കിയത്. അദ്ദേഹം മുഖ്യമന്ത്രിയായപ്പോള്‍, റേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട രേഖകളും മറ്റും മറച്ചുവെച്ച് കോടതിവിധി സ്വകാര്യ വ്യക്തികള്‍ക്ക് അനുകൂലമാക്കാന്‍ ഒത്തുകളിച്ചു.

താന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്കെതിരെ കേസ് കൊടുത്തു. സുപ്രീംകോടതിയില്‍ റിവ്യൂ പെറ്റീഷനും നല്‍കി. എന്നാല്‍, മുന്‍ മന്ത്രിമാരും മുഖ്യമന്ത്രിമാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇതുമായി ബന്ധപ്പെട്ട ഫയലുകളെല്ലാം പൂഴ്ത്തിയതുമൂലം സര്‍ക്കാറിന് അനുകൂലമായി കേസ് മാറ്റാനായില്ല. മറിച്ചായിരുന്നുവെങ്കില്‍ ചീഫ് സെക്രട്ടറിയും വകുപ്പുസെക്രട്ടറിയും ഓഫിസര്‍മാരും ജയിലില്‍ പോയേനെയെന്ന് പുല്‍ എഴുതുന്നു.

ദോര്‍ജി ഖണ്ഡുവിന്‍െറ മകനും മുഖ്യമന്ത്രിയുമായ പെമ ഖണ്ഡുവിന്‍െറ കൈവശം 1,700 കോടി രൂപയുടെ പണമുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പറയുന്നു. ഇത് അദ്ദേഹത്തിന് എവിടെനിന്നാണ് ലഭിച്ചത്?

2005 മുതല്‍ ടൂറിസം, നഗര വികസനം, ഊര്‍ജ വികസനം എന്നിവക്കെല്ലാം ചെലവാക്കിയ പണം ചിലരുടെ കീശയിലേക്കാണ് ഒഴുകിയത്. നബാം തുകി ഹ്രസ്വമായ കാലയളവിനുള്ളിലാണ് എം.എല്‍.എയില്‍നിന്ന് മുഖ്യമന്ത്രിയായത്. നിയമസഭാംഗമായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍െറ കൈവശം ഒന്നുമുണ്ടായിരുന്നില്ല. ഇന്ന് അദ്ദേഹത്തിന് ഇട്ടനഗറിലും കൊല്‍ക്കത്തയിലും ബംഗളൂരുവിലും ഡല്‍ഹിയിലും ഭൂമിയും സ്വത്തും ബംഗ്ളാവുകളും ഫാം ഹൗസുകളുമുണ്ട്. നിലവിലെ ഉപമുഖ്യമന്ത്രി ചൗന മീന്‍ സംസ്ഥാനത്തെ ഏറ്റവും വലിയ അഴിമതിക്കാരനാണെന്ന് പുല്‍ ആരോപിക്കുന്നു. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിനും പ്രമോഷനും മീന്‍ വാങ്ങുന്ന ലക്ഷങ്ങളുടെ കൈക്കൂലിയെക്കുറിച്ച് വിശദമായി കുറിപ്പിലുണ്ട്.രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുണ്ടായ കേസില്‍ അനുകൂല വിധി ലഭിക്കാന്‍ തന്നോട് 86 കോടി രൂപ നല്‍കാന്‍ ഫോണില്‍ ഒരാള്‍ ആവശ്യപ്പെട്ടു. എന്നാല്‍, താന്‍ പണം നല്‍കിയില്ല.

സുപ്രീംകോടതി വിധി വന്നപ്പോള്‍, 15 കോടി രൂപ നല്‍കിയാല്‍ തനിക്ക് പിന്തുണ നല്‍കാമെന്ന് നിരവധി എം.എല്‍.എമാര്‍ അറിയിച്ചതായി പുല്‍ എഴുതുന്നു.മന്ത്രിമാരും എം.എല്‍.എമാരും ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇത്രയേറെ ഭൂമിയും പണവും സമ്പത്തും കാറുമൊക്കെ നേടിയെടുക്കുന്നത് എങ്ങനെയെന്ന് ജനങ്ങള്‍  ചോദിക്കണം. അവരുടെ കൈയില്‍ നോട്ടടിയന്ത്രമുണ്ടോ?സംസ്ഥാനത്തിന്‍െറ ഉത്തമ താല്‍പര്യം മുന്‍നിര്‍ത്തിയാണ് താന്‍ തീരുമാനമെടുത്തതെന്നും ജനങ്ങള്‍ക്കായി തന്‍െറ സുഖസൗകര്യങ്ങളും സമയവും ആരോഗ്യവും കുടുംബത്തെയും ത്യജിച്ചതായും പുല്‍ പറയുന്നു.

സത്യത്തിനുവേണ്ടി പൊരുതണമെന്ന ആഹ്വാനത്തോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.നബാം തുകിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്നു കാലികോ പുല്‍.

2014ല്‍ തുകി അദ്ദേഹത്തെ പുറത്താക്കി. തുകി സര്‍ക്കാറിനെതിരെ അഴിമതി ആരോപണമുന്നയിച്ചതിനെതുടര്‍ന്ന് പുലിനെ കോണ്‍ഗ്രസ് പുറത്താക്കി. രാഷ്ട്രീയ പ്രതിസന്ധിയെതുടര്‍ന്ന് 2016 ജനുവരി 26ന് തുകി സര്‍ക്കാറിനെ പുറത്താക്കി ഗവര്‍ണര്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഫെബ്രുവരിയില്‍ പുല്‍ ബി.ജെ.പി പിന്തുണയോടെ സര്‍ക്കാര്‍ രൂപവത്കരിച്ചു. എന്നാല്‍, ഗവര്‍ണറുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയതിനെതുടര്‍ന്ന് പുലിന് രാജിവെക്കേണ്ടിവന്നു. ഒരു മാസത്തിനകം അദ്ദേഹം ജീവനൊടുക്കുകയും ചെയ്തു.

Tags:    
News Summary - correpted arunachal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.