സ്റ്റെന്‍റ് വില: അധിക തുക മടക്കിനല്‍കണം

ന്യൂഡല്‍ഹി: സ്റ്റെന്‍റിന് അധിക തുക ഈടാക്കിയ ആശുപത്രികള്‍ പണം രോഗികള്‍ക്ക് തിരിച്ചുനല്‍കണമെന്ന് സര്‍ക്കാര്‍. ഡിമാന്‍റ് നോട്ടീസ് ലഭിക്കും മുമ്പ് പണം മടക്കിനല്‍കിയാല്‍ അധികതുക ഈടാക്കിയതിന് ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കില്ളെന്ന് ദേശീയ മരുന്നുവില നിര്‍ണയ അതോറിറ്റി (എന്‍.പി.പി.എ) അറിയിച്ചു. ആശുപത്രികളോട് വിശദീകരണം ആവശ്യപ്പെട്ട് എന്‍.പി.പി.എ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. വീഴ്ചവരുത്തിയതായി തെളിഞ്ഞാല്‍ ഡിമാന്‍റ് നോട്ടീസ് അയക്കുമെന്ന് എന്‍.പി.പി.എ വ്യക്തമാക്കി. സമീപഭാവിയില്‍ നടക്കുന്ന ആന്‍ജിയോപ്ളാസ്റ്റി ചികിത്സകള്‍ക്ക് ഈടാക്കിയ തുകയുടെ കണക്ക് പരിശോധിക്കുമെന്നും തുക തിരികെ ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ച രോഗികളുടെ വിവരങ്ങള്‍ പുറത്തുവിടില്ളെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

ഓക്സിജന്‍ ആശുപത്രി (റോഹ്തക്), ഭാരത് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് (ഡറാഡൂണ്‍) എന്നീ ആശുപത്രികള്‍ക്കെതിരെ വെള്ളിയാഴ്ച എന്‍.പി.പി.എക്ക് പരാതി ലഭിച്ചിരുന്നു. നേരത്തേ ന്യൂഡല്‍ഹിയിലെ സാകേതിലുള്ള മാക്സ് ആശുപത്രി, ഹരിയാനയിലെ നിദാന്‍ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രി എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. സ്റ്റെന്‍റിന് അധികതുക ഇടാക്കിയതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന് ലീലാവതി ആശുപത്രി (മുംബൈ), മെട്രോ ആശുപത്രി (ഫരീദാബാദ്), പി.ജി.ഐ ചണ്ഡിഗഢ്, രാംമൂര്‍ത്തി ആശുപത്രി (ബറെയ്ലി) എന്നിവര്‍ക്കെതിരെ അന്വേഷണം നടക്കുന്നതായി അധികൃതര്‍ പറഞ്ഞു. എന്നാല്‍, മാക്സ് ആശുപത്രിയും ലീലാവതി ആശുപത്രിയും തങ്ങള്‍ എന്‍.പി.പി.എ മാര്‍ഗനിര്‍ദേശങ്ങള്‍  പാലിക്കുന്നതായും സ്റ്റെന്‍റിന് അധിക തുക ഈടാക്കിയിട്ടില്ളെന്നും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് കൊറോണറി സ്റ്റെന്‍റുകളുടെ വില 85 ശതമാനം കുറച്ചത്.

Tags:    
News Summary - coronary stent prices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.