ന്യൂഡൽഹി: ഇന്ത്യ യു.എസിനു നൽകുന്ന താരിഫ് ഗണ്യമായി വർധിപ്പിക്കുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കിടെ ട്രംപും മോദിയും തമ്മിലുള്ള പഴയ ബന്ധങ്ങൾ ചികഞ്ഞെടുത്ത് രൂക്ഷ വിമർശനവുമായി കോൺഗ്രസ്.
കോൺഗ്രസ് നേതാവ് ജയറാം രമേശ് ‘എക്സിലാ’ണ് ആക്രമണമഴിച്ചുവിട്ടത്. അവർ ‘ഹൗഡി മോദി’, ‘നമസ്‌തേ ട്രംപ്’ എന്നിവ നടത്തി. ‘ഇത്തവണയും ട്രംപ് സർക്കാർ’ എന്ന് പറഞ്ഞു. ഫോട്ടോ സെഷനും ഉണ്ടായിരുന്നു. പ്രസിഡന്റ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നമ്മുടെ വിദേശകാര്യ മന്ത്രി ഒന്നാം നിരയിൽ തന്നെ ഇരുന്നു. പ്രസിഡന്റ് ട്രംപുമായി പ്രധാനമന്ത്രിക്ക് പ്രത്യേക ബന്ധമുണ്ടെന്നും അവർ പഴയ സുഹൃത്തുക്കളാണെന്നും അവകാശവാദങ്ങൾ ഉയർന്നുവന്നു. എന്താണ് ഇതിന്റെയെല്ലാം ഫലം? ഇപ്പോൾ താരിഫ് വർധിപ്പിക്കുമെന്ന ഭീഷണികൾ വരുന്നു’.
‘വർഷങ്ങളായി പ്രസിഡന്റ് ട്രംപും താനും ഒരു പ്രത്യേക ബന്ധം പങ്കിടുന്നുണ്ടെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടുവരികയാണ്. ഈ സൗഹൃദം വളരെ ചെലവേറിയതാണെന്ന് ഇപ്പോൾ തെളിഞ്ഞു. വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട്. പക്ഷേ, യു.എസുമായുള്ള നമ്മുടെ ബന്ധം വഷളായിരിക്കുന്നുവെന്ന് വ്യക്തമാണ്. ഇന്ന് ചൈനയും അമേരിക്കയും പാകിസ്താനും നമ്മുടെ മുന്നിലെ ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നു’. - റഷ്യൻ എണ്ണ വാങ്ങിയാൽ ഇന്ത്യക്കു മേലുള്ള തീരുവ ഗണ്യമായി വർധിപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണിയെ പരാമർശിച്ച് രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.