മുംബൈ: മഹാരാഷ്ട്ര മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മുന്നണിയിലെ ഘടക കക്ഷികളുമായുള്ള തർക്കങ്ങൾക്കിടെ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയ പ്രവർത്തകരെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്. മഹാരാഷ്ട്രയിലെ അംബർനാഥിലാണ് കോണ്‍ഗ്രസിന്റെ നടപടി. സംസ്ഥാന നേതൃത്വവുമായി സംസാരിക്കാൻ പോലും കൂറുമാറിയ കോൺഗ്രസ് പ്രവർത്തകർ തയാറായിരുന്നില്ല. ഇവരെ സസ്പെൻഡ് ചെയ്തതായി കാണിച്ച് മഹാരാഷ്ട്ര കോൺഗ്രസ് വൈസ് പ്രസിഡന്റ് ഗണേഷ് പട്ടേൽ അംബർനാഥ് ബ്ലോക്ക് അധ്യക്ഷന്‍ പ്രദീപ് പട്ടേലിന് കത്തയച്ചു.
'ഇതൊരു ശരിയായ നടപടിയല്ല. നേതൃത്വവുമായി സംസാരിക്കാതെയാണ് അവര്‍ ഇതിന് മുതിര്‍ന്നത്. സംസ്ഥാന അധ്യക്ഷന്റെ നിര്‍ദേശ പ്രകാരം ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി അറിയിക്കുന്നു' എന്നാണ് കത്തിൽ ഗണേഷ് പട്ടേൽ വിശദീകരിക്കുന്നത്.
അംബർനാഥ് മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസ് സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുകയും 12 സീറ്റുകളില്‍ വിജയം നേടുകയും ചെയ്തിരുന്നു. എന്നാല്‍ മാധ്യമങ്ങളിലൂടെയാണ് പ്രവര്‍ത്തകരുടെ കൂറുമാറ്റത്തെക്കുറിച്ച് നേതൃത്വം അറിഞ്ഞത്. തുടര്‍ന്ന് സംസ്ഥാന അധ്യക്ഷൻ നേരിട്ട് ഇടപെട്ട് ഇവർക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.
60 അംഗങ്ങളുള്ള അംബർനാഥ് മുനിസിപ്പാലിറ്റിയില്‍ ശിവസേന 27 സീറ്റുകളും ബി.ജെ.പി 14 സീറ്റുകളുമാണ് നേടിയത്. കോൺഗ്രസ് 12 സീറ്റുകളിലാണ് വിജയിച്ചത്. ഡിസംബർ 20 ന് നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ, 60 അംഗ കൗൺസിലിൽ 27 സീറ്റുകൾ നേടി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരുന്നു.
പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങൾക്കിടയിലും ഏറ്റവും വലിയ ഒറ്റകക്ഷിയായ ശിവസേനയെ (ഷിൻഡെ വിഭാഗം) അകറ്റി നിർത്താൻ അംബർനാഥിൽ ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും പ്രാദേശിക നേതാക്കൾ മറ്റ് പാർട്ടികളോടൊപ്പം സഖ്യമുണ്ടാക്കുകയായിരുന്നു.
പാർട്ടിയുടെ പ്രഖ്യാപിത പ്രത്യയ ശാസ്ത്ര നിലപാടിന് വിരുദ്ധമായ പ്രാദേശിക തലത്തിലുള്ള സഖ്യങ്ങളെച്ചൊല്ലി കോൺഗ്രസിനുള്ളിൽ വർധിച്ചുവരുന്ന സംഘർഷങ്ങളെയാണ് ഈ സസ്‌പെൻഷൻ അടിവരയിടുന്നത്. അതേസമയം, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇത്തരം പ്രാദേശിക തലത്തിലുള്ള രാഷ്ട്രീയ ക്രമീകരണങ്ങളിൽ കടുത്ത അതൃപ്തി അറിയിക്കുകയും അകോട്ടിൽ എ.ഐ.എം.ഐ.എമ്മുമായും അംബർനാഥിൽ കോൺഗ്രസുമായും ഉള്ള സഖ്യങ്ങൾ അവസാനിപ്പിക്കാൻ ബി.ജെ.പി യൂനിറ്റുകളോട് ആവശ്യപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.