ആദ്യ സ്ഥാനാർഥി പട്ടികക്ക് പിന്നാലെ എ.എ.പിയിൽ പൊട്ടിത്തെറി: പഞ്ചാബിൽ രണ്ട് എം.എൽ.എമാർ രാജിവെച്ചു
ചണ്ഡീഗഡ്: പഞ്ചാബിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ ആം ആദ്മി പാർട്ടിയിൽ (എ.എ.പി) പൊട്ടിത്തെറി. രണ്ട് എം.എൽ.എമാർ നിയമസഭയിൽ നിന്ന് രാജിക്കത്ത് സമർപ്പിച്ചു. സനൂറിൽ നിന്നുള്ള ഹർമീത് സിങ് പഠാൻമജ്‌റ, സമാനയിൽ നിന്നുള്ള ചേതൻ സിങ് ജോരമജ്‌റ എന്നിവരാണ് രാജിവെച്ചത്. 2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 40 സ്ഥാനാർഥികളുടെ ആദ്യ പട്ടിക എ.എ.പി പ്രഖ്യാപിച്ച് തൊട്ടടുത്ത ദിവസം തന്നെയാണ് ഇരട്ട രാജി.
ഇന്നലെ പുറത്തുവിട്ട എ.എ.പിയുടെ ആദ്യ സ്ഥാനാർഥി പട്ടികയിൽ മുഖ്യമന്ത്രി ഭഗവന്ത് മാൻ വീണ്ടും ധൂരിയിൽ നിന്ന് മത്സരിക്കും. 40 എം.എൽ.എമാർക്ക് വീണ്ടും അവസരം നൽകിയിട്ടുണ്ട്. തടവിൽ കഴിയുന്ന കാബിനറ്റ് മന്ത്രി സഞ്ജീവ് അറോറയെ ലുധിയാന വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് മത്സരിപ്പിക്കുന്നത്. എന്നാൽ, ആദ്യ പട്ടികയിൽ മറ്റ് കാബിനറ്റ് മന്ത്രിമാരുടെ പേരുകളൊന്നും ഇടംപിടിച്ചിട്ടില്ല.
വെള്ളപ്പൊക്കം കൈകാര്യം ചെയ്തതിലെ സർക്കാരിന്റെ വീഴ്ചയും തനിക്കെതിരെയുള്ള ക്രിമിനൽ കേസുകളും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ പഠാൻമജ്‌റ പാർട്ടി നേതൃത്വവുമായി ദീർഘകാലമായി കടുത്ത അഭിപ്രായവ്യത്യാസത്തിലായിരുന്നു. അതേസമയം, ജോരമജ്‌റയുടെ രാജിയും പാർട്ടിനുള്ളിൽ വളർന്നുവരുന്ന അസംതൃപ്തിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. മുൻ പഞ്ചാബ് മന്ത്രിയായ ജോരമജ്‌റ നിയമസഭയിൽ സമാന മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്. ഈ വർഷം മേയിൽ മുൻ ശിരോമണി അകാലിദൾ നേതാവ് സുർജിത് സിംഗ് രാഖ്‌റ എ.എ.പിയിൽ ചേരുകയും, തുടർന്ന് സമാനയിലെ പാർട്ടി കാര്യങ്ങൾ നിയന്ത്രിക്കുന്നതിൽ അദ്ദേഹത്തിന് പ്രധാന ചുമതല നൽകുകയും ചെയ്തതോടെയാണ് പാർട്ടിയിൽ ജോരമജ്‌റയുടെ സ്ഥാനം സംശയനിഴലിലായത്.
പഞ്ചാബ് സ്പീക്കറും രണ്ട് തവണ എം.എൽ.എയുമായ കുൽതാർ സിംഗ് സന്ധ്വാൻ കോട്കാപുരയിൽ നിന്നും, ഡെപ്യൂട്ടി സ്പീക്കർ ഗഡ്ശങ്കർ നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കും. നാല് വനിതാ എം.എൽ.എമാർ തങ്ങളുടെ മണ്ഡലങ്ങളിൽ നിന്ന് വീണ്ടും ജനവിധി തേടും - ബൽജീന്ദർ കൗർ (തൽവണ്ടി സാബോ), ഇന്ദർജിത് കൗർ മാൻ (നകോദർ), സന്തോഷ് കതാരിയ (ബാലാചൗർ), അമൻദീപ് കൗർ അറോറ (മോഗ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.