‘ബീഫ് നിരോധനം കൊണ്ട് അസമിലെ ജനങ്ങൾക്ക് തൊഴിൽ ലഭിക്കുമോ?’; ഹിമന്ത ബിശ്വശർമക്കെതിരെ ഗൗരവ് ഗൊഗോയ്

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് ലോക്സഭ ഉപനേതാവും ജോർഹട്ട് എം.പിയുമായ ഗൗരവ് ഗൊഗോയ്. അസമിനെ ഹിമന്ത ബിശ്വ ശർമ പാപ്പരാക്കിയെന്ന് ഗൗരവ് ഗൊഗോയ് കുറ്റപ്പെടുത്തി. വലിയ നഗരങ്ങളുടെയും പട്ടണങ്ങളുടെയും പുനർനാമകരണം, ബീഫ് നിരോധനം എന്നീ പണച്ചെലവില്ലാത്ത രണ്ട് വലിയ തീരുമാനങ്ങൾ അസം മുഖ്യമന്ത്രി എടുത്തെന്നും അദ്ദേഹം പരിഹസിച്ചു.

പുനർനാമകരണവും ബീഫ് നിരോധനവും നടപ്പാക്കിയാൽ ജനങ്ങൾക്ക് തൊഴിലും ശമ്പളവും ലഭിക്കുമോ? അവരുടെ ആരോഗ്യം മെച്ചപ്പെടുമോ? - കോൺഗ്രസ് എം.പി ചോദിച്ചു. റോഡ്, കോളജ്, പാലം, ആശുപത്രി നിർമാണങ്ങൾക്ക് സർക്കാറിന്‍റെ കൈയിൽ പണമില്ല. ഇതെല്ലാം അസമിലെ ജനങ്ങൾ തിരിച്ചറിയുമെന്നും ഗൊഗോയ് പറഞ്ഞു.

ഹിമന്ത ബിശ്വശർമയുടെ നേതൃത്വത്തിൽ നടന്ന ഝാർഖണ്ഡ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേരിട്ട പരാജയത്തെ കുറിച്ചും ഗൗരവ് ഗൊഗോയ് പ്രതികരിച്ചു. ജോർഹട്ടിലെ ജനങ്ങൾ ഹിമന്തയുടെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തിയതോടെ ഝാർഖണ്ഡിലെ ജനങ്ങളും അദ്ദേഹത്തിന്‍റെ രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞുവെന്ന് ഗൊഗോയ് ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ജനങ്ങൾ ഇപ്പോൾ പാഠം പഠിച്ചു കഴിഞ്ഞു. അസം മുഖ്യമന്ത്രിയുടെ അഴിമതി നിറഞ്ഞ നേതൃത്വവും അധികാര ദുർവിനിയോഗവും കുടുംബത്തിന്‍റെയും അടുത്ത മന്ത്രിമാരുടെയും കൈകളിൽ സമ്പത്ത് കേന്ദ്രീകരിക്കുന്നതും ശ്രദ്ധിക്കാതെ പോയിട്ടില്ല. ഒരു വർഷം മാത്രം ശേഷിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഇത് വ്യക്തമാകും- ഗൗരവ് ഗൊഗോയ് പറഞ്ഞു.

Tags:    
News Summary - Congress MP Gaurav Gogoi attack Himanta Biswa Sarma in Beef Ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.