‘ആഹാരവും വേഷവും വ്യക്തി സ്വാതന്ത്ര്യം’; സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നയന മൊടമ്മ

മംഗളൂരു: അപകീർത്തി പ്രചാരണത്തിന് രാഷ്ട്രീയ എതിരാളികൾ ഉപയോഗിച്ച ദൃശ്യങ്ങൾ വീണ്ടും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് മുഡിഗെരെ എം.എൽ.എ നയന ജാവർ എന്ന നയന മൊടമ്മ. 'എന്ത് കഴിക്കണം, ധരിക്കണം എന്നത് വ്യക്തിയുടെ സ്വാതന്ത്ര്യം' എന്ന് നയന ജാവർ വ്യക്തമാക്കി. കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന്‍റെ തലേന്നും വോട്ടെണ്ണൽ ദിവസവുമാണ് സ്വകാര്യ സന്ദർശങ്ങളിൽ ധരിച്ച വസ്ത്രങ്ങളുടേത് അടക്കം നയനയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

'മെയ് 10നായിരുന്നല്ലോ പോളിങ്. അതിന്റെ തലേദിവസം അവർ (ബി.ജെ.പി/ജെ.ഡി.എസ്) അത് ചെയ്തു; മെയ് 13നും. എല്ലാം എന്റെ എഫ്.ബിയിൽ നിന്ന് എടുത്തവ. ഭർത്താവിനൊപ്പം, കൂട്ടുകാരുടെ കൂടെ, നീന്തൽ കുളത്തിൽ, മദ്യക്കുപ്പി വീണു കിടക്കുന്നതിനരികെ... ഈ രംഗങ്ങളാണ് പ്രചരിപ്പിച്ചത്.

താൻ പരാതി നൽകിയതിനെ തുടർന്ന് ഷിവമോഗ്ഗ ബി.ജെ.പിയുടെ ഫേസ്ബുക്കിൽ നിന്ന് ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു. അപകീർത്തികരമായി സ്വയം തോന്നിയെങ്കിൽ ഒഴിവാക്കുമായിരുന്നു. ഈ മാസം 20ന് എല്ലാം ഒരിക്കൽ കൂടി പോസ്റ്റ് ചെയ്യുകയാണ് ചെയ്തത്. സ്വകാര്യ ജീവിതം, ഓട്ടം, ചാട്ടം, നൃത്തം, തൊഴിൽ, പൊതുപ്രവർത്തനം എന്നീ രംഗങ്ങളിൽ ഒരു പോലെ 'സാരി നാരി' വേഷം ധരിക്കാനാവില്ല' -നയന ജാവർ വ്യക്തമാക്കി.

മൊഡിഗെരെ പട്ടിക ജാതി സംവരണ മണ്ഡലത്തിൽ ബി.ജെ.പിയുടെ സിറ്റിങ് എം.എൽ.എ എം.പി കുമാരസ്വാമിയെ മൂന്നാം സ്ഥാനത്ത് തള്ളിയാണ് കർണാടക ഹൈകോടതി അഭിഭാഷകയായ 43കാരി നയന മൊടമ്മ കോൺഗ്രസ് ടിക്കറ്റിൽ 50,843 വോട്ടുകൾക്ക് വിജയിച്ചത്.

ബി.ജെ.പി സ്ഥാനാർഥി ദീപക് ദൊഡ്ഡയ്യ 50121വോട്ടുകളും ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ജെ.ഡി.എസ് ടിക്കറ്റിൽ മത്സരിച്ച കുമാരസ്വാമി 26038 വോട്ടുകളും നേടി. 2018ലെ തെരഞ്ഞെടുപ്പിൽ കുമാര സ്വാമി 58783 വോട്ടും നയന 46271 വോട്ടും ജെ.ഡി.എസ് സ്ഥാനാർഥി ബി.ബി നിങ്കയ്യ 22063 വോട്ടുമാണ് നേടിയത്.

കുമാര സ്വാമിക്ക് സീറ്റ് നൽകരുതെന്ന ആവശ്യവുമായി സി.ടി രവിയുടെ അനുയായികൾ മാർച്ച് 16ന് ബി.എസ്. യെദ്യൂരപ്പയുടെ കാർ തടഞ്ഞ് തിരിച്ചയച്ച സംഭവത്തിലൂടെയാണ് മുഡിഗെരെ മണ്ഡലം ശ്രദ്ധ നേടിയത്. സംഭവത്തെ തുടർന്ന് ലക്ഷത്തോളം പേർ പങ്കെടുക്കാൻ എത്തിയ വിജയ സങ്കൽപ് റാലിയും യെദ്യൂരപ്പയുടെ റോഡ്ഷോയും ബി.ജെ.പി റദ്ദാക്കിയിരുന്നു.

Tags:    
News Summary - Congress MLA Nayana Motamma against those who spread private pictures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.