ന്യൂഡൽഹി: മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭ തെരഞ്ഞെടുപ്പിൽ തന്റെ നാമനിർദേശ പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ സുപ്രീം കോടതിയെ സമീപിച്ചു. മൂന്ന് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ജൂൺ 18ന് നടക്കാനിരിക്കെയാണ് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കോൺഗ്രസ് കോടതിയെ സമീപിച്ചിരിക്കുന്നത്. പത്രിക തള്ളിയ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചിന് മുന്നിൽ വ്യാഴാഴ്ച തന്നെ അടിയന്തര വാദം കേൾക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുമെന്ന് റിപ്പോർട്ട് ചെയ്തു.
ബി.ജെ.പി സ്ഥാനാർഥി മഹേഷ് കേവത്, സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ കോത്താരി എന്നിവരുൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ ഉന്നയിച്ച എതിർപ്പുകളെത്തുടർന്ന് ജൂൺ ഒമ്പതിനാണ് റിട്ടേണിങ് ഓഫീസറും മധ്യപ്രദേശ് അസംബ്ലി പ്രിൻസിപ്പൽ സെക്രട്ടറിയുമായ അരവിന്ദ് ശർമ്മ മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത്.
തെലങ്കാനയിലെ ഒരു കോടതിയുടെ പരിഗണനയിലുള്ള കേസിന്റെ വിശദാംശങ്ങൾ നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ മീനാക്ഷി മറച്ചുവെച്ചു എന്നാരോപിച്ചാണ് പത്രിക തള്ളിയത്. എന്നാൽ തന്‍റെ പേരിലുള്ളത് ക്രിമിനൽ കേസല്ല, മറിച്ച് ഒരു നിയമപരമായ നോട്ടീസ് മാത്രമാണെന്ന് മീനാക്ഷി നടരാജൻ വ്യക്തമാക്കി. കോടതി ഈ പരാതിയിൽ കേസെടുക്കുകയോ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും, അതിനാൽ നാമനിർദേശ പത്രികയിൽ ഇത് വെളിപ്പെടുത്തേണ്ടതില്ലെന്നും അവർ വാദിച്ചു.
തന്റെ വാദങ്ങൾ വരണാധികാരി തള്ളിക്കളഞ്ഞുവെന്നും, ഇതൊരു നിയമപരമായ പരാജയമല്ല, മറിച്ച് രാഷ്ട്രീയ ഇച്ഛാശക്തിക്ക് മുന്നിലുള്ള പരാജയമാണെന്നും അവർ ആരോപിച്ചു. ജനാധിപത്യ സ്ഥാപനങ്ങളെ ബി.ജെ.പി ദുർബലപ്പെടുത്തുകയാണെന്നും തെരഞ്ഞെടുപ്പ് കമീഷൻ ഭരണകക്ഷിക്ക് അനുകൂലമായാണ് പ്രവർത്തിക്കുന്നതെന്നും അവർ ആരോപിച്ചു.
പത്രിക തള്ളിയതിനെതിരെ കോൺഗ്രസും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി ചൂണ്ടിക്കാണിക്കുന്ന സ്വകാര്യ പരാതിയിൽ ഒരു കോടതിയും ഇതുവരെ കുറ്റം ചുമത്തുകയോ നടപടികളിലേക്ക് കടക്കുകയോ ചെയ്തിട്ടില്ലെന്നും, അതിനാൽ മീനാക്ഷിക്കെതിരെ നിലവിൽ ക്രിമിനൽ കേസുകളൊന്നും നിലവിലില്ലെന്നുമാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. പത്രിക തള്ളിയ നടപടി തികച്ചും നിയമവിരുദ്ധമാണെന്ന് കാണിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സംഘം ബുധനാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ഈ തീരുമാനം എത്രയും വേഗം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കെ.സി വേണുഗോപാൽ, രൺദീപ് സുർജേവാല, ജയറാം രമേശ്, ദീപ ദാസ്മുൻഷി, വിവേക് തൻഖ, അഭിഷേക് മനു സിംഗ്വി, മീനാക്ഷി നടരാജൻ എന്നിവരടങ്ങിയ സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്. തികച്ചും തെറ്റായ ധാരണകളുടെ പുറത്താണ് പത്രിക തള്ളിയതെന്ന് കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിംഗ്വി പറഞ്ഞു.
അതേസമയം, പത്രിക തള്ളിയ നടപടിയെ ബി.ജെ.പി ന്യായീകരിച്ചു. സ്ഥാനാർഥികൾ തങ്ങൾക്കെതിരെയുള്ള ക്രിമിനൽ കേസുകൾ സത്യവാങ്മൂലത്തിൽ വ്യക്തമായി രേഖപ്പെടുത്തണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. കോൺഗ്രസ് സ്ഥാനാർഥി ബോധപൂർവ്വം മറച്ചുവെച്ച വിവരങ്ങൾ ക്രിമിനൽ പശ്ചാത്തലം മറച്ചുവെക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.