ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിനിൽക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുന്ന രാഹുൽ ഗാന ്ധിക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കാൻ പിന്തുണയുമായി പാർട്ടി സ്ഥാനങ്ങളിൽനിന്ന് രാജിവെച്ച് നേതാക്കൾ. പാർട ്ടിയുടെ നിയമ-വിവരാവകാശ സെൽ അധ്യക്ഷൻ വിവേക് ടാങ്ക കഴിഞ്ഞ ദിവസം രാജി നൽകിയിരുന്നു. ഇതിന് പിന്നാലെ ഡൽഹി, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിൽനിന്ന് നിരവധി നേതാക്കളാണ് രാജിവെച്ചത്.
രാഹുൽ ഗാന്ധിക്ക് പുതിയ ടീമിനെ തിരഞ്ഞെടുക്കാൻ അവസരം നൽകാനായാണ് തങ്ങൾ രാജിവെച്ചതെന്ന് വിവേക് ടാങ്ക പറഞ്ഞു. കോൺഗ്രസിന് ഏറെക്കാലം സ്തംഭനാവസ്ഥയിൽ പോകാനാകില്ല. പാർട്ടിയെ ഒരു പോരാട്ട ശക്തിയായി പുനരുജ്ജീവിപ്പിക്കാൻ രാഹുൽ ഗാന്ധിയോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
ഡൽഹി കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് രാജേഷ് ലിലോത്തിയ വെള്ളിയാഴ്ച രാജിവെച്ചിരുന്നു. ഇതുകൂടാതെ, ഹരിയാന വനിത കോൺഗ്രസ് നേതാവ് സുമിത്ര ചൗഹാൻ, മേഘാലയ കോൺഗ്രസ് ജനറൽ സെക്രട്ടറി നെട്ട പി. സാങ്മ, സെക്രട്ടറി വീരേന്ദർ രാത്തോർ, ഛത്തീസ്ഗഢ് സെക്രട്ടറി അനിൽ ചൗധരി, മധ്യപ്രദേശ് സെക്രട്ടറി സുധീർ ചൗധരി, ഹരിയാന സെക്രട്ടറി സത്യവേദ് യാദവ് തുടങ്ങിയവരും രാജിവെച്ചവരിൽ ഉൾപ്പെടും.
ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷമാണ് രാഹുൽ ഗാന്ധി രാജിവെക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. എന്നാൽ, കോൺഗ്രസ് പ്രവർത്തക സമിതി രാഹുലിന്‍റെ ഈ തീരുമാനം അംഗീകരിച്ചിരുന്നില്ല.
താൻ മാറിനിൽക്കുകയാണെന്ന കാര്യം വ്യാഴാഴ്ച രാഹുൽ ഗാന്ധി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനോട് ആവർത്തിച്ചിരുന്നു. പുതിയ അധ്യക്ഷൻ വരുന്നത് വരെ നിർണായക യോഗങ്ങളിൽ അധ്യക്ഷത വഹിക്കുമെന്നും രാഹുൽ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.