മധുബനി മണ്ഡലത്തിൽ കോൺഗ്രസിനെയും മഹാസഖ്യത്തെയും കയ്പുനീരു കുടിപ്പിക്കുകയാണ് ഡോ. ഷക്കീൽ അഹ്മദ്. കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ കേന്ദ്രമന്ത്രിയുമൊക്കെയായ മുതിർന്ന നേതാവ് ഇക്കുറി വിമത വേഷത്തിൽ. മഹാസഖ്യം സ്ഥാനാർഥിക്കെതിരെ സ്വതന്ത്രനായി ഷക്കീൽ അഹ്മദ് കളത്തിലിറങ്ങിയത് മണ്ഡലത്തെ ത്രികോണ മത്സര വേദിയാക്കി.
ഷക്കീൽ അഹ്മദിനോട് എന്തു വേണമെന്ന കാര്യത്തിൽ കോൺഗ്രസ് ഹൈകമാൻഡിനു തന്നെ അവ്യക്തതയുണ്ട്. കോൺഗ്രസ് കൂടി ഉൾപ്പെട്ട മഹാസഖ്യത്തിെൻറ ഒൗദ്യോഗിക സ്ഥാനാർഥിക്ക് തൊട്ടടുത്ത മണ്ഡലമായ സമസ്തിപുരിലെ പൊതുസമ്മേളനത്തിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി വോട്ടു ചോദിച്ചിട്ടും ഷക്കീൽ അഹ്മദിന് കുലുക്കമില്ല. പിന്മാറുന്ന പ്രശ്നമില്ല.
താൻ മത്സരിക്കുന്നത് കോൺഗ്രസിനും മഹാസഖ്യത്തിനും വേണ്ടിത്തന്നെ എന്നാണ് ഷക്കീലിെൻറ വാദം. വികാസീൽ ഇൻസാൻ പാർട്ടി (വി.െഎ.പി)ക്കാണ് മഹാസഖ്യം മധുബനി സീറ്റ് കൊടുത്തത്. എന്നാൽ, ബി.െജ.പി സ്ഥാനാർഥിയെ തോൽപിക്കാൻ വി.െഎ.പിയുടെ ബാദ്രി പർബെക്ക് കെൽപില്ലെന്നാണ് ഷക്കീൽ പറയുന്നത്.
രണ്ടു വട്ടം ജയിച്ചയാളാണ് താൻ. മധുബനിയിൽ തെൻറ കുടുംബത്തിന് വിപുല ബന്ധങ്ങളുണ്ട്. അതു പ്രയോജനപ്പെടുത്തി വിജയശ്രീലാളിതനാകേണ്ടത് തെൻറയും മഹാസഖ്യത്തിെൻറയും ആവശ്യമാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. പർബെ തൊട്ടടുത്ത മണ്ഡലമായ ദർഭംഗയിലെ ബിസിനസുകാരനാണ്. ബി.ജെ.പിയാകട്ടെ അഞ്ചുവട്ടം ജയിച്ച സിറ്റിങ് എം.പി ഹുക്കുംദേവ് നാരായൺ യാദവിെൻറ മകൻ അശോക് യാദവിനെയാണ് സ്ഥാനാർഥിയാക്കിയത്.
പാർട്ടി ഹൈകമാൻഡിനെ ധിക്കരിക്കുന്ന പ്രവർത്തക സമിതി അംഗത്തെ എന്തു ചെയ്യണം? ഷക്കീൽ അഹ്മദിനെതിരെ നടപടി സ്വീകരിക്കാൻ നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നേതൃത്വത്തിന് കാര്യങ്ങൾ ബോധ്യമുണ്ടെന്നാണ് അതേക്കുറിച്ച് ഷക്കീൽ അഹ്മദിന് പറയാനുള്ളത്. പാർട്ടി പദവികളെല്ലാം വിെട്ടാഴിഞ്ഞാണ് താൻ മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ പിന്തുണ ഷക്കീലിനാണ്.
ബിഹാറിലെ മഹാസഖ്യം നേരിടുന്ന െഎക്യമില്ലായ്മയുടെ മറ്റൊരു ഉദാഹരണമായി മാറിയിരിക്കുകയാണ് ഇൗ മാസം ആറിന് വോെട്ടടുപ്പു നടക്കുന്ന മധുബനി.
ആർ.ജെ.ഡി വിട്ട് ബി.എസ്.പി ടിക്കറ്റിൽ നാമനിർദേശ പത്രിക നൽകിയ മുൻകേന്ദ്രമന്ത്രി മുഹമ്മദ് അലി അഷ്റഫ് ഫാത്വിമി പിന്മാറിയത് മഹാസഖ്യത്തിന് അത്രയും ആശ്വാസം. ഷക്കീൽ അഹ്മദ് പിന്മാറാത്തതുകൊണ്ടാണ് തെൻറ പിന്മാറ്റമെന്നും, അതല്ലെങ്കിൽ ബി.ജെ.പി സ്ഥാനാർഥിക്ക് ഗുണംചെയ്യുമെന്നും ഫാത്വിമി വിശദീകരിക്കുന്നു. മധുബനിയിൽ മുസ്ലിം, യാദവ വോട്ടർമാരാണ് നിർണായകം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.