ബി.ജെ.പി ബന്ധം ഉപേക്ഷിച്ചാൽ ശിവസേനയെ ഒപ്പം കൂട്ടാൻ ഒരുക്കമെന്ന് കോൺഗ്രസ്

മുംബൈ: മഹാരാഷ്ട്രയിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിന് വഴിമരുന്നിട്ട് കോൺഗ്രസ്. ബി.ജെ.പി ബന്ധം ഉപേക്ഷിക്കുക യാണെങ്കിൽ ശിവസേനയെ ഒപ്പം കൂട്ടാൻ ഒരുക്കമാണെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ബാലാസാഹബ് തൊറാത്ത് പറഞ്ഞു. ശിവ സേന അത്തരമൊരു നിർദേശം മുന്നോട്ട് വെക്കുകയാണെങ്കിൽ ദേശീയ നേതൃത്വവുമായി ചർച്ച ചെയ്യും. തനിക്ക് ഇക്കാര്യത്തിൽ ത ുറന്ന മനസാണെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനം ശിവസേനക്ക് നൽകാൻ പോലും കോൺഗ്രസ് തയാറാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നതായി സി.എൻ.എൻ-ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ശിവസേന ബന്ധത്തിൽ കോൺഗ്രസ് സഖ്യകക്ഷിയായ എൻ.സി.പിയുടെ നിലപാടെന്തെന്ന് തൊറാത്ത് പ്രതികരിച്ചിട്ടില്ല.

പത്ത് സ്വതന്ത്ര എം.എൽ.എമാർ തങ്ങൾക്കൊപ്പമുണ്ടെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു. ഒമ്പത് സ്വതന്ത്രർ തങ്ങൾക്ക് പിന്തുണയുമായുണ്ടെന്ന് ശിവസേനയും പറയുന്നു.

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സഖ്യകക്ഷിയായാണ് ശിവസേന മത്സരിച്ചത്. ബി.ജെ.പി 105ഉം ശിവസേന 56ഉം സീറ്റ് നേടുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ പ്രാവശ്യത്തെക്കാൾ കുറവ് സീറ്റുകളാണ് ഇരുവർക്കും ഇത്തവണ ലഭിച്ചത്.

തെരഞ്ഞെടുപ്പിന് പിന്നാലെ ബി.ജെ.പിയെ വിമർശിച്ച് ശിവസേന രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം 'മഹാജനവിധി'യല്ലെന്നും അധികാരത്തിന്‍റെ ബലത്തില്‍ അഹങ്കാരം കാണിക്കുന്നവര്‍ക്കുള്ള പ്രഹരമാണെന്നും ശിവസേന പറഞ്ഞിരുന്നു. 200ലേറെ സീറ്റ് നേടുമെന്ന് പ്രവചിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് 'മഹാ ജനദേശ്' യാത്ര നടത്തിയതിനെയാണ് ശിവസേന പരോക്ഷമായി വിമർശിച്ചത്.

കോൺഗ്രസിന് 44 സീറ്റാണ് ലഭിച്ചത്. എൻ.സി.പി 54 സീറ്റ് നേടി. 288 അംഗ നിയമസഭയിൽ 145 പേരുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്.

Tags:    
News Summary - Congress Chief Says Party Open to Offer from Sena If It Breaks Ties with BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.