അഗർതല: ത്രിപുരയിൽ ഇടതുപക്ഷം-കോൺഗ്രസ് സീറ്റുധാരണയിൽ വിള്ളൽ. നിയമസഭ തെരഞ്ഞെടുപ്പിനുള്ള ധാരണ തെറ്റിച്ച് 13ന് പകരം 17 സീറ്റിൽ കോണ്‍ഗ്രസ് ശനിയാഴ്ച സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി മണിക് സാഹ, കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് അടക്കം 48 സ്ഥാനാര്‍ഥികളെ ഭരണകക്ഷിയായ ബി.ജെ.പിയും പ്രഖ്യാപിച്ചു. അതിനിടെ സ്ഥാനാര്‍ഥിനിര്‍ണയത്തിൽ അതൃപ്തരായ കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ സ്വന്തം പാര്‍ട്ടി ഓഫിസുകള്‍ അടിച്ചുതകര്‍ത്തു. ധർമനഗർ, ബാഗ്ബാസ എന്നിവിടങ്ങളിലാണ് ഓഫിസുകൾ തകർത്തത്.
ഇടതുമുന്നണിയും കോൺഗ്രസും ബി.ജെ.പിയെ അകറ്റിനിർത്താൻ ദിവസങ്ങൾക്കുമുമ്പ് ‘സെക്കുലർ ഡെമോക്രാറ്റിക് ഫോഴ്സ്’ മുന്നണിക്ക് രൂപംനൽകിയിരുന്നു. 60 നിയമസഭ സീറ്റുകളില്‍ 47 എണ്ണം ഇടതുപാര്‍ട്ടികള്‍ക്കും 13 സീറ്റ് കോണ്‍ഗ്രസിനും എന്ന ധാരണയിലാണെത്തിയിരുന്നത്. എന്നാല്‍, എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ കോൺഗ്രസ് 17 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഇടതുപാർട്ടികൾ നേരത്തേ 47 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ, ബർജാല, മജ്ലിഷ്പുർ, ബദർഘട്ട്, രാധാകിഷോർപുർ, പാബിയചെറ എന്നീ മണ്ഡലങ്ങളിൽ ഇടത്, കോൺഗ്രസ് സ്ഥാനാർഥികളായി. അതേസമയം, കോൺഗ്രസിന് അനുവദിച്ച പെച്ചാർത്തലിലേക്ക് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുമില്ല.
2018ൽ കോൺഗ്രസ് 56 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒന്നും നേടിയില്ല. ബി.ജെ.പിയിൽനിന്ന് കോൺഗ്രസിലേക്ക് മടങ്ങിയതിനുശേഷം കഴിഞ്ഞ വർഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സുദീപ് റോയ് ബർമനാണ് ഏക സിറ്റിങ് എം.എൽ.എ. കഴിഞ്ഞ വർഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ച അഗർതലയിലാണ് ഇത്തവണ വീണ്ടും മത്സരിപ്പിക്കുന്നത്.
2018ലെ 56 പേരുടെ പട്ടികയിൽനിന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ബിരജിത് സിൻഹ, മുൻ സംസ്ഥാന അധ്യക്ഷനും മുൻ എം.എൽ.എയുമായ ഗോപാൽ ചന്ദ്ര റോയ് എന്നീ രണ്ടു പേരെ മാത്രമാണ് നിലനിർത്തിയത്. ബിരജിത് സിൻഹ 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കൈലാസഹാറിൽനിന്ന് വീണ്ടും ജനവിധി തേടും. കോൺഗ്രസിൽ തിരിച്ചെത്തിയ ആശിഷ് കുമാർ സാഹ കഴിഞ്ഞ തവണ ബിജെ.പി ടിക്കറ്റിൽ വിജയിച്ച ടൗൺ ബർദോവാലിയിൽ വീണ്ടും മത്സരിക്കും. ഇവിടെനിന്ന് മൂന്നു തവണ വിജയിച്ച സാഹ ഇത്തവണ നിലവിലെ മുഖ്യമന്ത്രി മണിക് സാഹയെയാണ് നേരിടുന്നത്.
ബി.ജെ.പി പ്രഖ്യാപിച്ച ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പ്രകാരം മുഖ്യമന്ത്രി മണിക് സാഹ ടൗൺ ബർദോവാലിയിലും മുന്‍ മുഖ്യമന്ത്രി സി.പി.എമ്മിന്റെ മണിക് സർക്കാർ മത്സരിച്ചിരുന്ന ധൻപുരില്‍ കേന്ദ്രമന്ത്രി പ്രതിമ ഭൗമികും ജനവിധി തേടും. 1998 മുതല്‍ മണ്ഡലത്തില്‍ സ്ഥാനാർഥിയായിരുന്ന മണിക് സർക്കാര്‍ ഇത്തവണ മത്സരിക്കുന്നില്ല.
ഫെബ്രുവരി 16ന് 60 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 25 വർഷം നീണ്ട ഇടതുഭരണത്തിന് അന്ത്യംകുറിച്ച് 2018ലാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. മുൻ കോൺഗ്രസ് നേതാവും രാജകുടുംബാംഗവുമായ പ്രദ്യോത് ദേബ് ബർമൻ സ്ഥാപിച്ച പ്രാദേശിക പാർട്ടിയായ തിപ്ര മോത്തയുമായി ബി.ജെ.പി ചർച്ച നടത്തിയെങ്കിലും സഖ്യത്തിലെത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.