ന്യൂഡൽഹി: വോട്ടർ പട്ടികയിൽ കൃത്രിമം നടക്കുന്നെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾക്കിടെ, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടർപട്ടിക പരിഷ്കരിക്കുന്നതിനായി വീടുകൾ കയറി വോട്ടർപട്ടിക പരിശോധിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമീഷൻ.
വോട്ടർ പട്ടികയിൽ വോട്ടർമാരുടെ പേരുകൾ ഉൾപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നത് സംബന്ധിച്ച് വിവിധ മേഖലകളിൽനിന്നും മുൻകാലങ്ങളിൽ നിരന്തരം ആശങ്കകൾ ഉന്നയിച്ച സാഹചര്യത്തിൽ വീടുകൾ കയറിയുള്ള വോട്ടർപട്ടിക പരിശോധന നടത്താനാണ് കമീഷൻ ഒരുങ്ങുന്നത്.
മരിച്ച വോട്ടർമാരുടെയും സ്ഥലം മാറിപ്പോയവരുടെയും പേരുകൾ നീക്കം ചെയ്യൽ, 18 വയസ്സ് തികയുന്ന വോട്ടർമാരുടെ പേരുകൾ ചേർക്കൽ, വിലാസം പരിശോധിക്കൽ, തിരുത്തലുകൾ തുടങ്ങി പരിശോധനകൾ ഉണ്ടാകും. തെരഞ്ഞെടുപ്പ് കമീഷന്റെ നിയമങ്ങളും നിർദേശങ്ങളും അനുസരിച്ചാണ് വോട്ടർപട്ടിക പുതുക്കുന്നതിനുള്ള മുഴുവൻ നടപടിക്രമങ്ങളും നടന്നുകൊണ്ടിരിക്കുന്നതെന്നും അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് രാഷ്ട്രീയ പാർട്ടികൾക്ക് എതിർപ്പുകളും അപ്പീലുകളും സമർപ്പിക്കാൻ മതിയായ അവസരം നൽകുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷൻ വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടികയിലെ പൊരുത്തക്കേടുകൾ ആരോപിച്ച് കോൺഗ്രസും പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.