ബെർലിൻ: ഇന്ത്യ- യു.എസ് വ്യാപാര കരാർ തിടുക്കത്തിൽ ഉണ്ടാവില്ലെന്ന സൂചന നൽകി വാണിജ്യമന്ത്രി പിയൂഷ് ഗോയൽ. മറ്റൊരു രാജ്യവുമായി ബന്ധം പുലർത്തരുതെന്ന ഒരു വ്യാപാര പങ്കാളിയുടെയും നിബന്ധനകൾ ഇന്ത്യ അംഗീകരിക്കില്ലെന്ന് ഗോയൽ ബെർലിനിൽ പറഞ്ഞു.
‘ഇന്ത്യ തിടുക്കത്തിൽ, അല്ലെങ്കിൽ നമ്മുടെ തലയിൽ തോക്ക് വെച്ചുകൊണ്ടുള്ള വ്യാപാര കരാറുകളിൽ ഏർപ്പെടുകയില്ല. പരസ്പര വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ദീർഘകാല പങ്കാളിത്തമായാണ് ഇന്ത്യ വ്യാപാര കരാറുകളെ കാണുന്നതെന്നും’ ഗോയൽ പറഞ്ഞു.
ജർമനിയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ബെർലിനിലെത്തിയത്. അവിടെ മെഴ്‌സിഡസ്-ബെൻസ് ഗ്രൂപ്പ് സി.ഇ.ഒ ഓല കാലെനിയസുമായി ഗോയൽ കൂടിക്കാഴ്ച നടത്തി. ‘ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായത്തിൽ കൂടുതൽ നൂതനാശയങ്ങളും സുസ്ഥിര വളർച്ചയും വളർത്തിയെടുക്കുന്നതിനായി അവർ പ്രവർത്തിക്കുന്നതിനാൽ കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളെക്കുറിച്ചും അവരുടെ വിപുലീകരണ പദ്ധതികളെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു’വെന്ന് ആ യോഗത്തിന് ശേഷം ഗോയൽ പോസ്റ്റ് ചെയ്തു.
നിരവധി ചർച്ചകൾ നടന്നിട്ടും ഇന്ത്യയും യു.എസും തമ്മിലുള്ള നിർദിഷ്ട വ്യാപാര കരാർ അനിശ്ചിതത്വത്തിലാണ്. കൃഷിയും പാൽ ഉൽപന്നങ്ങളുമായും ബന്ധപ്പെട്ട ഇന്ത്യയുടെ ‘ചുവപ്പ് രേഖകൾ’ ആണ് ഇതിന്റെ പ്രധാന കാരണമെന്ന് കരുതപ്പെടുന്നു.
റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങിയതിന് ഇന്ത്യയെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ നിന്നുള്ള സാധനങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തി ശിക്ഷിച്ചതും വ്യാപാര സംഘർഷം കടുപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.