തെളിവില്ല; കുറ്റപത്രമില്ല- കൊമേഡിയൻ മുനവർ ഫാറൂഖി​ രണ്ടാഴ്ച കഴിഞ്ഞും ജയിലിൽ


ഇന്ദോർ: ഹിന്ദു ദേവതകളെ അപമാനിച്ചെന്ന പേരിൽ രണ്ടാഴ്ച മുമ്പ്​ മധ്യപ്രദേശിൽ അറസ്റ്റ്​ ചെയ്യപ്പെട്ട പ്രമുഖ കൊമേഡിയൻ മുനവർ ഫാറൂഖിയും സഹോദരനുൾപെടെ മറ്റ്​ അഞ്ചു പേരും ഇപ്പോഴും തടവറയിൽ. പൊലീസ്​ ചുമത്തിയ ആരോപണങ്ങൾക്ക്​ തെളിവ്​ നിരത്താനോ കേസ്​ ഡയറി ഹാജരാക്കാനോ ഇതുവരെ സാധിക്കാതിരുന്നിട്ടും ജാമ്യം പോലും അനുവദിക്കാതെയാണ്​ ഇവരെ തടവറയിൽ പാർപ്പിക്കുന്നത്​. മധ്യപ്രദേശ്​ ഹൈക്കോടതി ഇന്ദോർ ബെഞ്ച്​ കേസ്​ പരിഗണിച്ചപ്പോഴാണ്​ പൊലീസ്​ സമ്പൂർണ നിസ്സഹായാവസ്​ഥ ബോധിപ്പിച്ചത്​. എന്നിട്ടും കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളി. കേസ്​ ഡയറി ഹാജരാക്കാൻ പൊലീസിനാകാതെ വന്നതോടെ ജാമ്യ ഹരജി അടുത്തയാഴ്ചത്തേക്ക്​ നീട്ടു​കയും ചെയ്​തു.

ജനുവരി ഒന്നിന്​ നടന്ന പരിപാടിക്കിടെയാണ്​ ഫാറൂഖിയെയും നളിൻ യാദവ്​, പ്രഖർ വ്യാസ്​, പ്രിയം വ്യാസ്​, എഡ്വിൻ ആന്‍റണി തുടങ്ങിയവരെ അറസ്റ്റ്​ ചെയ്​തത്​. ഇന്ദോറിലായിരുന്നു പരിപാടി. ബി.ജെ.പി എം.എൽ.എ മാലിനി ഗൗഡിന്‍റെ മകൻ എകലവ്യ ഗൗഡ്​ നൽകിയ പരാതിയിലായിരുന്നു നടപടി.

മതവികാരം ഇളക്കിവിടുന്നതിനെതിരായ 295എ വകുപ്പ്​ പ്രകാരമായിരുന്നു കേസ്​.

ഇവരുടെ ജുഡീഷ്യൽ കസ്റ്റഡി ജനുവരി 13ന്​ ഫസ്​റ്റ്​ ക്ലാസ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ രണ്ടാഴ്ച കൂടി നീട്ടിയിരുന്നു.

ഇന്ദോർ ആസ്​ഥാനമായുള്ള പ്രഖർ ആയിരുന്നു സംഘാടകൻ. ഫാറൂഖിയെ ആണ്​ മുഖ്യാതിഥിയായി നിശ്​ചയിച്ചിരുന്നത്​. മുംബൈയിൽ നിന്നെത്തിയ ഫാറൂഖിക്കും മറ്റുള്ളവർക്കുമെതിരെ തുക്കോഗഞ്ച്​ പൊലീസാണ്​ കേസ്​ എടുത്തത്​.

Tags:    
News Summary - Comedian Munawar Faruqui stays in jail, co-accused include brother, friend, organiser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.