ന്യൂഡൽഹി: ഛത്തിസ്ഗഢിൽ കോൺഗ്രസിന്‍റെ പ്ലീനറി സമ്മേളനത്തിന് തൊട്ടുമുമ്പ് ട്രഷറർ അടക്കം പാർട്ടി സംസ്ഥാന നേതാക്കൾക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാംകിട രാഷ്ട്രീയത്തിന് ഒടുവിലത്തെ ഉദാഹരണമാണിതെന്നും കാര്യമാക്കാതെ മുന്നോട്ടുപോകുമെന്നും കോൺഗ്രസ്.
ഛത്തിസ്ഗഢ് തലസ്ഥാനമായ റായ്പുരിൽ വെള്ളിയാഴ്ച മുതൽ മൂന്നു ദിവസമാണ് എ.ഐ.സി.സി പ്ലീനറി സമ്മേളനം. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് വഴിതെളിക്കുന്ന കാര്യപരിപാടി സമ്മേളനത്തിൽ ഉണ്ടാവുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതിന്‍റെ തൊട്ടുപിറ്റേന്നാണ് റെയ്ഡ്.
12 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. പി.സി.സി ട്രഷറർ രാംഗോപാൽ അഗർവാൾ, ദേവേന്ദ്ര യാദവ് എം.എൽ.എ, കെട്ടിടനിർമാണ തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ സുശീൽ സണ്ണി അഗർവാൾ, പാർട്ടി വക്താവ് ആർ.പി. സിങ് തുടങ്ങിയവരുടെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു.
ഛത്തിസ്ഗഢിലെ ഖനികളിൽനിന്ന് പുറത്തേക്ക് കൊണ്ടുപോകുന്ന കൽക്കരിക്ക് രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബി ഇടനിലക്കാർ വഴി ടണ്ണൊന്നിന് 25 രൂപവെച്ച് പടി വാങ്ങുന്നു എന്നതിനെക്കുറിച്ച അന്വേഷണം ഇ.ഡി നടത്തുന്നുണ്ട്. ഇതടക്കം കള്ളപ്പണ ഇടപാടിന്‍റെ പേരിലാണ് റെയ്ഡ്. ഇതുവരെ അറസ്റ്റിലായത് ഒമ്പതു പേരാണ്. കോൺഗ്രസ് ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളിലൊന്നാണ് ഛത്തിസ്ഗഢ്.
റെയ്ഡുകൊണ്ട് കോൺഗ്രസുകാരുടെ ആത്മവീര്യം ചോർത്താൻ കഴിയില്ലെന്നാണ് ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ പ്രതികരിച്ചത്. ഭാരത് ജോഡോ യാത്രയുടെ വിജയത്തിലെ നിരാശയും അദാനി വിഷയം തുറന്നുകാണിച്ചതിലെ രോഷവുമാണ് കാരണം. ജനശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബാഘേൽ കുറ്റപ്പെടുത്തി.
ന്യൂഡൽഹി: കള്ളപ്പണ നിരോധന നിയമപ്രകാരം ഇ.ഡിക്ക് വിപുലമായ അധികാരങ്ങൾ നൽകിയതിനെതിരെ 17 പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരുന്നു. ഇ.ഡിക്കു നൽകിയ അധികാരവുമായി ബന്ധപ്പെട്ട കേസിലെ വിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകുമെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു.
ഒമ്പതു വർഷങ്ങൾക്കിടയിൽ നടന്ന റെയ്ഡുകളിൽ 95 ശതമാനവും പ്രതിപക്ഷ പാർട്ടി നേതാക്കളെ ഉന്നമിട്ടാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി. ഭരണകക്ഷിയുടെ ഭീരുത്വമാണ് കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം. അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ അമൃതകാലമാണിതെന്ന് ജയ്റാം രമേശ് കൂട്ടിച്ചേർത്തു.
ജയ്പൂർ: കോൺഗ്രസ് നേതാക്കൾക്കെതിരായ ഇ.ഡി നടപടി കേന്ദ്രത്തിന്റെ രാഷ്ട്രീയ പ്രതികാരമാണെന്ന ആരോപണം ധനമന്ത്രി നിർമല സീതാരാമൻ തള്ളി. അന്വേഷണ ഏജൻസികൾ ഗൃഹപാഠം ചെയ്ത് പ്രഥമദൃഷ്ട്യാ തെളിവുകൾ കണ്ടാൽ മാത്രമേ അന്വേഷണം നടത്തുകയുള്ളൂ. എല്ലാം പ്രതികാര നടപടിയായി വ്യാഖ്യാനിക്കുന്നത് നാണക്കേടാണ്. അഴിമതിയെക്കുറിച്ച് കോൺഗ്രസ് സംസാരിക്കരുത്. അഴിമതി കാരണമാണ് ഇതുവരെയുള്ള കോൺഗ്രസ് സർക്കാറുകൾ പുറത്തായത്. രാജ്യം മുന്നോട്ടുപോകുന്നത് തടയുകയാണ് കോൺഗ്രസ്. കുടുംബത്തിന്റെയും പാർട്ടിയുടെയും ഭരണവംശത്തിന്റെയും കാര്യങ്ങൾ സംബന്ധിച്ചേ അവർക്ക് ഉത്കണ്ഠയുള്ളൂ -ധനമന്ത്രി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.