സൗജന്യ സിനിമ കാണാൻ 'ലിങ്കിൽ' തൊട്ടു; നിമിഷങ്ങൾക്കുള്ളിൽ അക്കൗണ്ട് കാലി, ഹൈദരാബാദിൽ യുവാവിന് നഷ്ടപ്പെട്ടത് ലക്ഷങ്ങൾ

ഹൈദരാബാദ്: സോഷ്യൽ മീഡിയയിലെ ആകർഷകമായ പരസ്യങ്ങൾക്ക് പിന്നാലെ പോകുന്നവർക്ക് മുന്നറിയിപ്പുമായി സൈബർ പൊലീസ്. സൗജന്യമായി പുതിയ സിനിമകൾ കാണാമെന്ന പരസ്യത്തിൽ ക്ലിക്ക് ചെയ്ത ഹൈദരാബാദ് സ്വദേശിക്ക് 1.75 ലക്ഷം രൂപയാണ് നഷ്ടമായത്. ഫേസ്ബുക്ക് സ്ക്രോൾ ചെയ്യുന്നതിനിടെ കണ്ണിൽപ്പെട്ട ഒരു ലിങ്കാണ് യുവാവിനെ ചതിക്കുഴിയിലാക്കിയത്. 'ടൂബി ടിവി' എന്ന പ്രശസ്തമായ ആപ്പിന്റെ വ്യാജ പതിപ്പ് ഡൗൺലോഡ് ചെയ്തതാണ് ഈ വൻ തുക നഷ്ടപ്പെടാൻ കാരണമായതെന്ന് സൈബരാബാദ് പൊലീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

'പുതിയ സിനിമകൾ സൗജന്യമായി കാണാം, ആപ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ' എന്ന പരസ്യവാചകമാണ് യുവാവിനെ ആകർഷിച്ചത്. ഇതിൽ ക്ലിക്ക് ചെയ്തപ്പോൾ 'gdpr.tubi.tv' എന്ന വെബ്സൈറ്റിലേക്കാണ് ഇയാൾ എത്തിയത്. യഥാർഥ വെബ്സൈറ്റ് ആണെന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ഇതിന്റെ നിർമാണം എന്നതിനാൽ സംശയമൊന്നും തോന്നിയില്ല. ആപ് ഡൗൺലോഡ് ചെയ്ത് സിനിമ കാണാൻ തുടങ്ങിയതിന് പിന്നാലെ യുവാവിന്റെ ഫോണിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ ആരംഭിക്കുകയും ഫോൺ പ്രവർത്തനരഹിതമാവുകയും ചെയ്തു.

യു.പി.ഐ ആപ്പുകളോ മറ്റ് ആപ്ലിക്കേഷനുകളോ തുറക്കാൻ കഴിയാത്ത അവസ്ഥ വന്നതോടെയാണ് യുവാവ് ബാങ്ക് ബാലൻസ് പരിശോധിച്ചത്. തന്റെ അക്കൗണ്ടിൽ നിന്ന് 80,000 രൂപയും ഇതേ ഫോണിൽ കൈകാര്യം ചെയ്തിരുന്ന അമ്മയുടെ അക്കൗണ്ടിൽനിന്ന് 95,000 രൂപയും നഷ്ടപ്പെട്ടതായി ഇയാൾ തിരിച്ചറിഞ്ഞു. യഥാർഥ ആപ്പിന്റെ പേരിൽ നിർമിച്ച ഒരു 'മാൽവെയർ' ആയിരുന്നു ഇതെന്നും ഇതിലൂടെ തട്ടിപ്പുകാർ ഫോണിലെ എസ്.എം.എസ് സന്ദേശങ്ങളും ഒ.ടി.പികളും ചോർത്തുകയായിരുന്നുവെന്നും പൊലീസ് വിശദീകരിച്ചു.

സോഷ്യൽ മീഡിയയിൽ കാണുന്ന സൗജന്യ മൂവി ലിങ്കുകളിൽ വിശ്വസിക്കരുതെന്ന് പോലീസ് പൊതുജനങ്ങളോട് നിർദേശിച്ചു. അറിയിപ്പില്ലാതെ വരുന്ന സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ നോട്ടിഫിക്കേഷനുകളിൽ ക്ലിക്ക് ചെയ്യരുത്. അപരിചിതമായ ഉറവിടങ്ങളിൽനിന്ന് എ.പി.കെ ഫയലുകളോ ആപ്പുകളോ ഡൗൺലോഡ് ചെയ്യരുത് എന്നും ഔദ്യോഗിക ഫോൺ സെറ്റിങ്സ് വഴി മാത്രം അപ്‌ഡേറ്റുകൾ ചെയ്യണമെന്നും പൊലീസ് നിർദേശിച്ചു.

Tags:    
News Summary - Clicked on 'link' to watch free movie; Account emptied within seconds, young man in Hyderabad loses lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.