കൊൽക്കത്ത: കൊൽക്കത്തയിലെ ജാദവ്പൂർ സർവകലാശാലയിൽ എ.ബി.വി.പിയും ഇടതു വിദ്യാർഥികളും തമ്മിലുള്ള സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്. ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ഫാക്കൽറ്റി ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി സ്റ്റുഡന്റ്സ് യൂണിയന്റെ (ഫെറ്റ്സു) ജനറൽ ബോഡി യോഗത്തെച്ചൊല്ലി സംഘർഷം ഉടലെടുക്കുകയായിരുന്നു. തങ്ങളുടെ ജനറൽ ബോഡി യോഗത്തിലേക്ക് എ.ബി.വി.പി പ്രവർത്തകർ അതിക്രമിച്ചു കയറി പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്ന് ഫെറ്റ്സു അറിയിച്ചു. യോഗത്തിലേക്ക് എ.ബി.വി.പി പ്രവർത്തകർ അതിക്രമിച്ചു കയറിയതോടെ ഇരു വിഭാഗവും തമ്മിൽ തർക്കമുണ്ടാവുകയും സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. സംഭവത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായും ചിലർക്ക് ആശുപത്രി ചികിത്സ ആവശ്യമാണെന്നും എ.ബി.വി.പിയും ഫെറ്റ്സുവും അവകാശപ്പെട്ടു.
വിദ്യാർഥി സംഘർഷത്തെത്തുടർന്ന് എ.ബി.വി.പിയെ പിന്തുണയ്ക്കുന്ന തീവ്രവലതുപക്ഷ ഗ്രൂപ്പുകൾ സർവകലാശാലയിലേക്ക് അതിക്രമിച്ചു കയറിയതായും പരാതിയുണ്ട്. സർവകലാശാലയുടെ വാതിലുകൾ തകർത്ത് ആൾക്കൂട്ടം അകത്തേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങൾ വാട്സാപ്പിൽ പ്രചരിച്ചു. ആൾക്കൂട്ടം മുദ്രാവാക്യങ്ങളും മുഴക്കുന്നുണ്ടായിരുന്നു.
അർദ്ധരാത്രിയോടെ ബൈക്കിലെത്തിയ സംഘം കാമ്പസിൽ അതിക്രമിച്ചുകയറി വിദ്യാർത്ഥികളെ മർദ്ദിക്കുകയും യൂണിയൻ മുറികളും ഹോസ്റ്റലുകളും അടിച്ചുതകർക്കുകയും ചെയ്തതായും സർവകലാശാലയിലെ വിദ്യാർഥിയും റെവല്യൂഷണറി സ്റ്റുഡന്റ്സ് ഫ്രണ്ടിന്റെ (ആർ.എസ്.എഫ്) അംഗവുമായ ഇന്ദ്രനുജ് റേ പറഞ്ഞതായി മക്തൂബ് മീഡിയ റിപ്പോർട്ട് ചെയ്തു.
യോഗത്തിനിടെ എ.ബി.വി.പി കാമ്പസിലേക്ക് പ്രവേശിച്ചപ്പോൾ ഇടത് വിദ്യാർഥി യൂണിയനുകൾ അവരുമായി ഏറ്റുമുട്ടുകയായിരുന്നു. പൊതുയോഗത്തിന്റെ മറവിൽ ആസൂത്രിതമായ ആക്രമണം അഴിച്ചുവിട്ടുവെന്ന് എ.ബി.വി.പിക്കെതിരെ ഇടതു സംഘടനകളും ആരോപിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.