ധ്രുവ് റാഠി

ആർ.എസ്.എസിനും ബജ്റംഗ്ദളിനും പ്രതിഷേധമില്ലേ?; കൻവാർ യാത്രയിലെ ‘ബിക്കിനി നൃത്ത’ത്തിൽ ചോദ്യവുമായി ധ്രുവ് റാഠി

ന്യൂഡൽഹി: കൻവാർ യാത്രക്കിടെ ട്രക്കിന് മുകളിൽ രണ്ട് സ്ത്രീകൾ അശ്ലീല നൃത്തം അവതരിപ്പിക്കുന്നതായി പുറത്തുവന്ന വീഡിയോ പങ്കുവെച്ച്, സംഭവത്തിലെ ഹിന്ദുത്വ സംഘടനകളുടെ മൗനം ചോദ്യം ചെയ്ത് യൂട്യൂബർ ധ്രുവ് റാഠി. സംഭവത്തിൽ ആർ.എസ്.എസ്, ബജ്റംഗ്ദൾ, സംഘപരിവാർ സംഘടനകൾ മൗനം പാലിക്കുന്നതിനെ അദ്ദേഹം വിമർശിച്ചത്. ‘ഹിന്ദുമതത്തെ അപമാനിക്കുന്ന ഈ സംഭവത്തിൽ ആർ.എസ്.എസ്, ബജ്റംഗ്ദൾ, സംഘപരിവാർ എവിടെയാണ്? അവർ പൂർണമായും നിശബ്ദരാണ്. ഇതിനെതിരെ പ്രതിഷേധിക്കാൻ അവർക്ക് ഫണ്ട് ലഭിച്ചില്ലേ?’ എന്നാണ് റാഠിയുടെ സാമൂഹ്യമാധ്യമ കുറിപ്പ്.

വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിന്റെ പശ്ചാത്തലത്തെക്കുറിച്ച് വ്യത്യസ്ത അവകാശവാദങ്ങൾ ഉയർന്നിട്ടുണ്ട്. ചിലർ വീഡിയോ ബിഹാറിലെ സിവാനിൽ നിന്നുള്ളതാണെന്ന് അവകാശപ്പെട്ടപ്പോൾ, മറ്റുചിലർ ഉത്തർപ്രദേശിലാണ് സംഭവം നടന്നതെന്ന് പറയുന്നു.

അതേസമയം വീഡിയോയുടെ ആധികാരികത, ചിത്രീകരിച്ച സ്ഥലം, തീയതി എന്നിവ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ധ്രുവ് റാഠിയുടെ പോസ്റ്റിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് നടക്കുന്നത്. ആരോപിക്കപ്പെടുന്ന ബിക്കിനി നൃത്തത്തെ നിരവധി പേർ അപലപിച്ചപ്പോൾ, ആർ.എസ്.എസ്, ബജ്റംഗ്ദൾ തുടങ്ങിയ സംഘടനകളുടെ പ്രതികരണം വരാത്തതും ചിലർ ചോദ്യം ചെയ്തു. അതേസമയം, സ്ഥിരീകരിക്കാത്ത വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ മറ്റൊരു വിഭാഗവും രംഗത്തെത്തി.

ഉത്തരേന്ത്യയിൽ ആചരിക്കുന്ന പ്രധാന ഹിന്ദു തീർഥാടനങ്ങളിലൊന്നാണ് കൻവാർ യാത്ര. ശ്രാവണ മാസത്തോടനുബന്ധിച്ച് ശിവഭക്തർ വിവിധ പുണ്യനദികളിൽ നിന്ന് ജലം ശേഖരിച്ച് കാൽനടയായി യാത്ര ചെയ്ത് ശിവക്ഷേത്രങ്ങളിൽ സമർപ്പിക്കുന്നതാണ് ഇതിന്റെ പ്രധാന ആചാരം. ഗംഗാജലം ശേഖരിക്കുന്നതിനായി ഹരിദ്വാർ, ഗൗമുഖ്, ഗംഗോത്രി, സുൽത്താൻഗഞ്ച് തുടങ്ങിയ കേന്ദ്രങ്ങളിലേക്ക് നിരവധി ഭക്തരാണ് ഇത്തവണ എത്തിയത്.

Tags:    
News Summary - Dhruv Rathee Questions RSS and Bajrang Dal Silence Over Viral Kanwar Yatra Dance Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.