'സാധാരണക്കാരന്‍റെ പോക്കറ്റിൽനിന്ന് പണമെടുത്ത് ചങ്ങാത്ത മുതലാളിമാർക്ക് നൽകുന്നു'; മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സാധാരണക്കാരന്‍റെ പോക്കറ്റിൽനിന്ന് പണമെടുത്ത് അദ്ദേഹത്തിന്‍റെ മുതലാളിത്ത ചങ്ങാതിമാർക്ക് കൊടുക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

നോട്ട് നിരോധനം, ജി.എസ്.ടിയുടെ തെറ്റായ നടപ്പാക്കൽ തുടങ്ങി വിവിധ സാമ്പത്തിക നയങ്ങളിലൂടെ ചെറുകിട വ്യവസായങ്ങളെയും സംരംഭകരെയും തകർത്ത് മോദി വൻകിട വ്യവസായികൾക്ക് വഴിയൊരുക്കുകയാണ്. ശതകോടീശ്വരൻ ഗൗതം അദാനിക്ക് രാജ്യത്തെ ഏത് വ്യവസായവും കുത്തകയാക്കാമെന്ന അവസ്ഥയാണെന്നും രാഹുൽ പറഞ്ഞു. കഴിഞ്ഞദിവസം ഫോർബ്സിന്‍റെ കണക്കുകൾ പ്രകാരം അദാനി ലോക സമ്പന്നരിൽ രണ്ടാമതെത്തിയിരുന്നു.

ആലുവയിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു രാഹുൽ. നോട്ട് നിരോധനം, ജി.എസ്.ടി എന്നിവക്കു പുറമെ, കോവിഡ് ലോക്ഡൗണും രാജ്യത്തെ ചെറുകിട മേഖലയെയും തൊഴിലാളികളെയും കർഷകരെയും പ്രതികൂലമായി ബാധിച്ചു. എന്നാൽ, രാജ്യത്തെ ഏതാനും കോടിശ്വരന്മാർ നേട്ടമുണ്ടാക്കി.

ലോകത്തിലെ രണ്ടാമത്തെ സമ്പന്നൻ ഇന്ത്യയിൽനിന്നാണ്. വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിന് അദ്ദേഹത്തിന് ആരാണ് പണം നൽകുന്നത്. രാജ്യത്ത് ആഗ്രഹിക്കുന്ന ഏത് വ്യവസാസവും അദാനിക്ക് കുത്തകയാക്കാനാകും. ഏത് വിമാനത്താവളവും തുറമുഖവും വാങ്ങാനാകും. കാർഷിക, ഊർജ, സോളാർ വ്യവസായം കുത്തകയാക്കിവെച്ചിരിക്കുകയാണ് അദ്ദേഹം. ഈ വ്യാവസായങ്ങൾക്കെല്ലാം ആരാണ് പണം നൽകുന്നത്? പൊതുമേഖല ബാങ്കുകളിൽനിന്നാണ് ഇതിനുള്ള പണം ലഭിക്കുന്നത്, അത് നിങ്ങളുടെ പണമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Tags:    
News Summary - 'Clearing way for big businessmen': Rahul Gandhi hits out at PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.