ജയ്സൽമർ മാപ്പ്, ചൈതന്യ രാജ്സിങ് ഭാട്ടിയ
ന്യുഡൽഹി: എൻ.സി.ഇ.ആർ.ടി പുറത്തിറക്കിയ എട്ടാം ക്ലാസിലെ ചരിത്രപുസ്തകം സംബന്ധിച്ച് വീണ്ടും വിവാദം. ഇതിൽ ഇന്നത്തെ രാജസ്ഥാനിലെ ജയ്സാൽമർ മറാത്ത സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നെന്ന തെറ്റായ ചരിത്രവസ്തുതയാണ് വിവാദമായത്.
ജയ്സാൽമർ രാജവംശത്തിലെ ഒരംഗമായ ചൈതന്യ രാജ്സിങ് ഭാട്ടിയാണ് പുസ്തകത്തിനെതിരെ രംഗത്തെത്തിയത്. ചരിത്രത്തെ തെറ്റായി രേഖപ്പെടുത്തുകയും വളച്ചൊടിക്കുകയും രജപുത്രരുടെ അഭിമാനത്തിന് കളങ്കം വരുത്തുകയുമാണ് ഇതിലൂടെ ചെയ്യുന്നതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
‘ജയ്സാൽമർ മറാത്ത സമ്രാജ്യത്തിന്റെ ഭാഗമായിരുന്നു എന്നു പറയുന്നത് ചരിത്രപരമായി വലിയ തെറ്റാണ്. അടിസ്ഥാനപരമായി യാതൊരു വസ്തുതയും ഇല്ലാത്ത കാര്യമാണ് കുട്ടികളെ പഠിപ്പിക്കുന്നത്. അങ്ങേയറ്റം അപലപനീയ കാര്യവുമാണ്.
ചരിത്ര വസ്തുതകൾ പരിശോധിക്കാതെയുള്ള പുസ്തകരചന എൻ.സി.ഇ.ആർ.ടി പോലുള്ള സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതോടൊപ്പം നമ്മുടെ മഹത്തായ ചരിത്രത്തോടുള്ള അവഹേളനമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. മറാത്ത സാമ്രാജ്യം ജയ്സാൽമറിലേക്ക് കടന്നുകയറുകയോ ചുങ്കം പിരിക്കുകയോ ചെയ്തിട്ടില്ലെന്നത് ചരിത്ര വസ്തുതയാണ്. സംഭവം ഗൗരവമുളളതായി കാണണമെന്നും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രഥാൻ ഇത് പരിശോധിക്കണമെന്നും ഭാട്ടി ആവശ്യപ്പെടുന്നു.
ചരിത്രവസ്തുതയുടെ തെറ്റായ ചിത്രീകരണത്തെക്കാളുപരി നമ്മുടെ ചരിത്രപരമായ ധാർമികതക്കും ആത്മാഭിമാനത്തിനും രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിലുള്ള സത്യസന്ധതയുടെ പ്രശ്നമാണെന്നും അദ്ദേഹം പറയുന്നു.
എന്നാൽ എൻ.സി.ഇ.ആർ.ടി ഇതുസംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസും ഇതു സംബന്ധിച്ച് പ്രതകരിച്ചിട്ടില്ല. എൻ.സി.ഇ.ആർ.ടി രാഷ്ട്രീയനേതാക്കളെ സുഖിപ്പിക്കാനാണ് ഇത്തരതിലുള്ള ചരിത്രപരമായ വങ്കത്തരങ്ങൾ പുസ്തകങ്ങളിൽ എഴുതുന്നതെന്ന് ഒരാൾ കമന്റിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.