ന്യൂഡൽഹി: രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയ നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയിലും സി.ബി.എസ്.ഇ മൂല്യനിർണയ ക്രമക്കേടിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കുന്നതുവരെ സമരം കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി).
ഡൽഹി ജന്തർ മന്തറിൽ ശനിയാഴ്ച നടന്ന വൻ ജനകീയ പ്രതിഷേധം ഒരു ‘ട്രെയിലർ’ മാത്രമാണെന്നും ഏഴു ദിവസത്തിനകം മന്ത്രി രാജിവെച്ചില്ലെങ്കിൽ സമരം രാജ്യവ്യാപകമായി തെരുവുകളിലേക്ക് വ്യാപിപ്പിക്കുമെന്നും സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ സമരം രാജ്യവ്യാപകമായി വ്യാപിപ്പിക്കാനുള്ള കൃത്യമായ ആക്ഷൻ പ്ലാൻ ഉടൻ പുറത്തിറക്കും. ജന്തർ മന്തർ പ്രതിഷേധം വൻ വിജയമായിരുന്നെന്നും അഭിജീത് പറഞ്ഞു.
ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ഒരടി പോലും പിന്നോട്ടില്ലെന്നും സമാധാനപരമായ മാർഗങ്ങളിലൂടെ കോടിക്കണക്കിന് യുവാക്കളെ അണിനിരത്തി സമരം ശക്തമായി തുടരുമെന്നും സി.ജെ.പി വക്താക്കളും അറിയിച്ചു. ജന്തർ മന്തറിലെ പ്രതിഷേധം വരും നാളുകളിൽ ഉണ്ടാകാൻ പോകുന്ന വൻ പ്രക്ഷോഭങ്ങളുടെ തുടക്കം മാത്രമാണ്.
നിലവിൽ ജന്തർ മന്തറിൽ നടന്നത് സർക്കാറിനോടുള്ള ഒരു അപേക്ഷ മാത്രമാണെന്നും ഇത് കേൾക്കാൻ തയാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം കടുപ്പിക്കുമെന്നും സമരത്തിൽ പങ്കെടുത്ത് വിദ്യാഭ്യാസ, പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം, ഇന്ത്യയിലെ യുവാക്കളുടെ ദിശാബോധത്തെ വിദേശത്തുനിന്ന് നിർണയിക്കാനാവില്ലെന്ന് സമരത്തെ വിമർശിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ പ്രതികരിച്ചു. അയൽരാജ്യങ്ങളിൽ കണ്ടതുപോലെ ഭരണകൂടവിരുദ്ധ പ്രചാരണങ്ങൾക്ക് ഇന്ത്യയിലെ യുവാക്കൾ ഒരിക്കലും കൂട്ടുനിൽക്കില്ലെന്നും രാഷ്ട്രനിർമിതിക്കായി അവർ അച്ചടക്കത്തോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.