രാജിക്ക് പകരം ധർമേന്ദ്ര പ്രധാന്‍റെ വകുപ്പ് മാറ്റാമെന്ന് കേന്ദ്രം വാഗ്ദാനം ചെയ്തു; സി.ജെ.പി നിരസിച്ചു -റിപ്പോർട്ട്

ന്യൂഡൽഹി: കേന്ദ്രവിദ്യാഭ്യാസ മന്ത്രി പദവിയിൽ നിന്ന് ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതിന് പകരം അദ്ദേഹത്തിന്റെ വകുപ്പ് മാറ്റാമെന്ന കേന്ദ്രത്തിന്റെ വാഗ്ദാനം സി.ജെ.പി തള്ളുകയായിരുന്നുവെന്നും ഇതോടെയാണ് രാജി പ്രഖ്യാപിച്ചതെന്നും റിപ്പോർട്ട്. ശനിയാഴ്ച കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രതിനിധികളുമായി ചർച്ച നടത്തിയ കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദയും ജിതേന്ദ്ര സിങ്ങും ഈ രാജിക്ക് പകരം വകുപ്പ് മാറ്റാമെന്ന നിർദേശമാണ് മുന്നോട്ടുവെച്ചത്. മന്ത്രിയെ സ്ഥാനത്തുനിന്ന് നീക്കുന്നതോ അവരുടെ വകുപ്പ് മാറ്റുന്നതോ പൂർണമായും പ്രധാനമന്ത്രിയുടെ അധികാരമാണെന്നും കേന്ദ്ര മന്ത്രിമാർ വാദിച്ചു. എന്നാൽ സി.ജെ.പി നേതാക്കളായ സൗരവ് ദാസും ആശുതോഷ് റാങ്കയും ഈ നിർദ്ദേശം പൂർണ്ണമായും നിരസിക്കുകയും, പ്രധാന്റെ രാജിയല്ലാതെ മറ്റൊരു ബദലും അംഗീകരിക്കില്ലെന്ന് ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. പ്രധാനിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാതെ പ്രക്ഷോഭം അവസാനിക്കില്ലെന്ന് സംഘം നിലപാട് കർക്കശമാക്കുകയായിരുന്നു. ഇതോടെ മൂന്നാംഘട്ട ചർച്ചയ്ക്ക് മണിക്കൂറുകൾക്കു മുമ്പ് ധർമേന്ദ്ര പ്രധാൻ രാജിവെക്കുകയായിരുന്നു. പ്രധാന്റെ രാജിയില്ലാതെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടുപോവില്ലെന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിരുന്നു.

എന്നാൽ സ്ഥാനം നഷ്ടപ്പെട്ട പ്രധാനിക്ക് തിങ്കളാഴ്ച പാർലമെന്റിൽ വൻ വരവേൽപ്പാണ് എൻ.ഡി.എ സഖ്യകക്ഷികൾ നൽകിയത്. അതേസമയം പ്രക്ഷോഭകർക്കു നേരെയുണ്ടായ പോലീസ് ആക്രമണം അടക്കം ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇന്നലെ നടത്തിയ പ്രതിഷേധത്തിൽ പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. നീറ്റ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പേപ്പർ ചോർച്ച വിരുദ്ധ നിയമം കർശനമാക്കാൻ ലക്ഷ്യമിടുന്ന പബ്ലിക് എജ്യുക്കേഷൻസ് (പ്രിവെൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026 പരിഗണിക്കാൻ പാർലമെന്റ് തയാറെടുക്കുന്നതിനിടയിലാണ് പ്രതിപക്ഷവും എൻ.ഡി.എയും തമ്മിലുള്ള ഏറ്റുമുട്ടൽ ഉണ്ടായത്. സമാധാനപരമായ പ്രതിഷേധക്കാർക്കെതിരെ ഉണ്ടായ പോലീസ് അതിക്രമത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. മൺസൂൺ സമ്മേളനത്തിൽ ആറ് ദിവസത്തെ സ്തംഭനാവസ്ഥയ്ക്ക് ശേഷം, പേപ്പർ ചോർച്ച വിരുദ്ധ നിയമ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചർച്ച പാർലമെന്റ് ഇന്ന് ഏറ്റെടുക്കാൻ സാധ്യതയുണ്ട്.

Tags:    
News Summary - cjp rejects centre offer dharmendra pradhan portfolio-change-neet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.