പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി; സിറ്റിങ് എം.എൽ.എമാർ വീണ്ടും കളത്തിൽ

ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 40 സ്ഥാനാർഥികളുടെ ആദ്യ പട്ടിക ആം ആദ്മി പാർട്ടി (എഎപി) പ്രഖ്യാപിച്ചു. സിറ്റിങ് എം.എൽ.എമാർ വീണ്ടും മത്സരിക്കും. മുഖ്യമന്ത്രി ഭഗവന്ത് മാൻ ധുരിയിൽനിന്ന് വീണ്ടും ജനവിധി തേടും. ജയിലിൽ കഴിയുന്ന എം.എൽ.എ സഞ്ജീവ് അറോറക്ക് ലുധിയാന വെസ്റ്റിൽ വീണ്ടും സീറ്റ് നൽകി.

തെരഞ്ഞെടുപ്പിന് ഏകദേശം നാല് മാസം മുമ്പുതന്നെ സ്ഥാനാർഥികളെ രംഗത്തിറക്കി പ്രചരണം ശക്തമാക്കാനാണ് പാർട്ടി നീക്കം. ആദ്യ പട്ടികയിൽ ഇടം നേടിയ 40 പേരും നിലവിലെ എം.എൽ.എമാരാണെന്നതാണ് ശ്രദ്ധേയം. പുതിയ പരീക്ഷണങ്ങൾക്ക് മുതിരാതെ നിലവിലുള്ള ജനപ്രതിനിധികളെ തന്നെ മത്സരിപ്പിക്കാനാണ് പാർട്ടി തീരുമാനം. ഭഗവന്ത് മാനിന് പുറമെ ഡോ. ഇന്ദർബീർ സിങ് നിജ്ജർ (അമൃത്സർ സൗത്ത്), കുൽദീപ് സിങ് ധാലിവാൾ (അജ്‌നാല), ബൽക്കാർ സിങ് (കർതാർപുർ), അജിത്‌പാൽ സിങ് കോഹ്‌ലി (പട്യാല) എന്നിവരാണ് പട്ടികയിലെ പ്രമുഖർ. വ്യാവസായിക നഗരമായ ലുധിയാനയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും എ.എ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ദൽജിത് സിങ് ഗ്രേവാൾ (ഭോല) ലുധിയാന ഈസ്റ്റിലും കുൽവന്ത് സിങ് സിദ്ദു ആത്മ നഗറിലും അശോക് പരാശർ (പാപ്പി) ലുധിയാന സെൻട്രലിലും സഞ്ജീവ് അറോറ ലുധിയാന വെസ്റ്റിലും മദൻ ലാൽ ബഗ്ഗ ലുധിയാന നോർത്തിലും മത്സരിക്കും.

അമൻദീപ് കൗർ അറോറ (മോഗ), ജഗ്ദീപ് കാംബോജ് (ഗോൾഡി) – ജലാലാബാദ്, നരീന്ദർപാൽ സിങ് –ഫാസിൽക്ക, ജഗ്ദീപ് സിങ് കാക്ക ബ്രാർ –മുക്ത്സർ, കുൽതാർ സിങ് സന്ധ്‌വാൻ – കോട്കപുര, ബൽജീന്ദർ കൗർ – തൽവണ്ടി സാബോ തുടങ്ങിയവരും മത്സരിക്കും. ഹോഷിയാർപുരിൽ ബ്രഹ്മ് ശങ്കർ ജിംപയെയും ചബ്ബേവാളിൽ ഇഷാങ്ക് കുമാർ ചബ്ബേവാളിനെയും ഗർഹ്ശങ്കറിൽ ജയ് കൃഷ്ണ സിങ് റൗരിയെയും ദസൂയയിൽ കരംബീർ സിങ് ഘുമനെയും പാർട്ടി സ്ഥാനാർഥികളാക്കി. റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖനായ കുൽവന്ത് സിങ്ങിന് മൊഹാലിയിൽ വീണ്ടും ടിക്കറ്റ് ലഭിച്ചു.

ജനങ്ങളുടെ അഭിപ്രായ സർവേകളും നിലവിലെ എം.എൽ.എമാരുടെ പ്രവർത്തനത്തെക്കുറിച്ചുള്ള പ്രതികരണങ്ങളും പരിഗണിച്ചാണ് സ്ഥാനാർഥികളെ തെരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. പൊതുജനങ്ങളുടെ വികാരവും എം.എൽ.എമാരുടെ തെരഞ്ഞെടുപ്പ് വിജയസാധ്യതയും വിലയിരുത്തുന്നതിനായിരുന്നു ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ മണ്ഡലങ്ങളിൽ ഏകദേശം 34 ശതമാനത്തോളം ഉൾക്കൊള്ളുന്നതാണ് ആദ്യ പട്ടിക. 117 അംഗ നിയമസഭയിൽ കഴിഞ്ഞ തവണ 92 സീറ്റുകൾ നേടി കൈവരിച്ച വിജയം നിലനിർത്തുകയാണ് എഎപിയുടെ ലക്ഷ്യം

രണ്ടാം സ്ഥാനാർഥി പട്ടിക അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി 77 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിക്കാനുള്ളത്. അടുത്ത പട്ടികയിലും നിലവിലെ എം.എൽ.എമാർക്ക് തന്നെ മുൻഗണന നൽകുമോ അതോ പുതുമുഖങ്ങൾക്ക് അവസരം നൽകുമോ എന്നതിലേക്കാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

Tags:    
News Summary - AAP banks on sitting MLAs in first list, names 40 candidates for 2027 Punjab polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.