വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തിയ നിലയിൽ
റായ്പൂർ: ഛത്തീസ്ഗഢിൽ എം.എൽ.എ കോളനിക്കായി 80ലധികം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി. നവ റായ്പൂർ വികസന അതോറിറ്റി (എൻ.ആർ.ഡി.എ) പരിധിയിലെ നഖി ഗ്രാമത്തിൽ ‘വിധായക് കോളനി’ (എം.എൽ.എ കോളനി) നിർമാണത്തിനായാണ് ബി.ജെ.പി സർക്കാറിന്റെ ഒഴിപ്പിക്കൽ നടപടി. 80ലധികം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു പൊളിച്ചതോടെ നിരവധി ദരിദ്ര കുടുംബങ്ങൾ ഭവനരഹിതരായി.
വൻ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയിലായിരുന്നു പൊളിക്കൽ നടപടികൾ. ഞായറാഴ്ച രാത്രി മുതൽ ഗ്രാമത്തിൽ വലിയ പൊലീസ് സംഘത്തെ വിന്യസിക്കപ്പെട്ടിട്ടുണ്ട്. പൊളിക്കൽ നടപടികൾക്കായി ബുൾഡോസറുകൾ എത്തിയതോടെ ഗ്രാമവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. ബുൾഡോസറുകൾ തടയാൻ ശ്രമിച്ച പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. വീടുകൾ തകർന്നുവീഴുന്നത് കണ്ട് സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പൊട്ടിക്കരഞ്ഞതായി ദൃക്സാക്ഷികൾ പറഞ്ഞു.
പ്രധാനമന്ത്രി ആവാസ് യോജന ഉൾപ്പെടെയുള്ള സർക്കാർ ഭവന പദ്ധതികളിലൂടെ നിർമിച്ച ചില വീടുകളും പൊളിച്ചതായി നാട്ടുകാർ ആരോപിച്ചു. എന്നാൽ സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങളാണ് നീക്കിയതെന്നും ബാധിത കുടുംബങ്ങൾക്ക് നവ റായ്പൂരിലെ സാമ്പത്തികമായി പിന്നാക്ക വിഭാഗത്തിനായുള്ള ഭവന പദ്ധതിയിൽ സ്ഥിരതാമസം നൽകുമെന്നും ഭരണകൂടം അറിയിച്ചു.
പൊളിക്കൽ നടപടികൾക്കായി കഴിഞ്ഞ വർഷം ഭരണകൂടം നോട്ടീസ് നൽകിയിരുന്നു. എന്നാൽ ജന പ്രതിനിധികളുടെ പ്രതിഷേധങ്ങളെയും ഇടപെടലുകളെയും തുടർന്ന് പൊളിക്കൽ നടപടികൾ നിർത്തിവെക്കുകയായിരുന്നു. 16, 17 വാർഡുകളിലാണ് നിലവിൽ പൊളിച്ചുമാറ്റൽ നടക്കുന്നത്. കുടിയൊഴിപ്പിക്കലിന് മുമ്പ് ശരിയായ പുനരധിവാസവും പകരം ഭൂമിയും നൽകണമെന്ന് താമസക്കാർ ആവശ്യപ്പെട്ടിരുന്നു.
സംഭവത്തെ തുടർന്ന് പ്രതിപക്ഷമായ കോൺഗ്രസ് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മഴക്കാലത്ത് ജനങ്ങളെ കുടിയിറക്കിയത് മനുഷ്യത്വരഹിതമാണെന്നും, പുനരധിവാസം ഉറപ്പാക്കാതെ നടത്തിയ ഒഴിപ്പിക്കൽ അംഗീകരിക്കാനാകില്ലെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. മഴക്കാലത്ത് കെട്ടിടങ്ങൾ പൊളിച്ചുമാറ്റില്ലെന്നായിരുന്നു റായ്പൂർ ബി.ജെ.പി എം.പി ബ്രിജ്മോഹൻ അഗർവാളിന്റെ വാഗ്ദാനം. അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾ ഭരണകൂടം തള്ളിക്കളയുന്നത് ബി.ജെ.പിക്കുള്ളിലെ ആഭ്യന്തര സംഘർഷത്തിന്റെ തെളിവാണെന്ന് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു. മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയും എം.പി ബ്രിജ്മോഹൻ അഗർവാളും തമ്മിലുള്ള ഏകോപനമില്ലായ്മയെക്കുറിച്ച് ഗ്രാമവാസികൾക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.