ന്യൂഡൽഹി: പൗരത്വ രേഖകൾ ആവശ്യപ്പെട്ടുള്ള ‘വോട്ടർ പട്ടിക തീവ്ര പരിശോധന’ക്കെതിരെ ബിഹാറിൽ പ്രതിഷേധം കനക്കുകയും സുപ്രീംകോടതി വിഷയം 10ന് കേൾക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തതോടെ തെരഞ്ഞെടുപ്പ് കമീഷന്റെ ഉരുണ്ടുകളി. തങ്ങൾ പറഞ്ഞ 11 രേഖകളില്ലാതെ വോട്ടർപട്ടിക പരിശോധിക്കാമെന്നും രേഖകൾ സമർപ്പിക്കാത്തവർ വോട്ടറാണോ എന്ന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ (ഇ.ആർ.ഒ) തീരുമാനിക്കുമെന്നും ഞായറാഴ്ച ബിഹാറിൽ പത്രപരസ്യം ചെയ്ത കമീഷൻ ജൂൺ 24ന് പുറപ്പെടുവിച്ച ഉത്തരവിൽ ഉറച്ചുനിൽക്കുകയാണെന്ന് പ്രസ്താവനയുമിറക്കി. ഇതേക്കുറിച്ച് വ്യക്തത ആവശ്യപ്പെട്ട ‘മാധ്യമ’ത്തോട് ആദ്യത്തെ ഉത്തരവും ഞായറാഴ്ചത്തെ പരസ്യവും തമ്മിൽ വൈരുധ്യമില്ലെന്നായിരുന്നു കമീഷൻ നൽകിയ മറുപടി.
ആധാർ കാർഡ്, പാൻ കാർഡ്, തൊഴിലുറപ്പ് കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ബാങ്ക് പാസ്ബുക്ക് എന്നിവ പൗരത്വം തെളിയിക്കാനുള്ള രേഖകളുടെ കൂട്ടത്തിൽനിന്ന് ഒഴിവാക്കിയാണ് 11 രേഖകളുടെ പട്ടിക പുറത്തുവിട്ടിരുന്നത്. ബിഹാറിലെ വലിയൊരു വിഭാഗം ജനങ്ങളുടെ പക്കലും ഈ 11 രേഖകളില്ലെന്ന് വ്യക്തമായതോടെയാണ് മറ്റു രേഖകൾ അംഗീകരിക്കുമെന്നും ഒരു രേഖയുമില്ലാത്തവരുടെ കാര്യത്തിൽ ഇ.ആർ.ഒ തീർപ്പ് കൽപിക്കുമെന്നും കമീഷൻ പരസ്യം ചെയ്തത്. ഇത് നേരത്തേ പറഞ്ഞതിന് വിരുദ്ധല്ലേ എന്ന ചോദ്യത്തിന് 11 രേഖകൾ നിർബന്ധമാണെന്ന് പറഞ്ഞിട്ടില്ലല്ലോ എന്നാണ് കമീഷൻ വൃത്തങ്ങൾ ‘മാധ്യമ’ത്തിന് നൽകിയ മറുപടി.
പൗരത്വം തെളിയിക്കാനുള്ള രേഖകൾ ജൂലൈ 25നകം സമർപ്പിക്കാത്തവർ വോട്ടർ പട്ടികയിൽനിന്ന് പുറത്താകുമെന്നായിരുന്നു ജൂൺ 24ലെ ഉത്തരവ്. എന്നാൽ, അപേക്ഷാ ഫോറങ്ങൾ അന്നേക്കകം പൂരിപ്പിച്ച് തന്നാൽ മതിയെന്നും രേഖകൾ പിന്നീട് സമർപ്പിച്ചാൽ മതിയെന്നുമാണ് ഇപ്പോൾ പറയുന്നത്. ആദ്യത്തെ പിടിവാശിയിൽനിന്ന് ഏറെ പിറകോട്ടുപോയ കമീഷൻ അത് തുറന്നുപറയുന്നതിന് തയാറാകാതെ ഉരുണ്ടുകളിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.