സംഘ്​പരിവാർ അക്രമം; കർണാടകയിലെ ബി.ജെ.പി സർക്കാറിനെതിരെ തെരുവിൽ പ്രതിഷേധിച്ച് ക്രൈസ്തവ വിശ്വാസികൾ

ബംഗളൂരു: മതപരിവർത്തന നിരോധനനിയമം കൊണ്ടുവരാനുള്ള സർക്കാർനീക്കത്തിലും ക്രിസ്ത്യൻ വിശ്വാസികൾക്കെതിരെ ഹുബ്ബള്ളിയിൽ നടന്ന അക്രമത്തിലും പ്രതിഷേധിച്ച് തെരുവിൽ പ്രതിഷേധം. പാസ്​റ്റർമാരുടെ നേതൃത്വത്തിൽ ഹുബ്ബള്ളി നഗരത്തിൽ നടന്ന പ്രതിഷേധ റാലിയിലും ധർണയിലും നൂറുകണക്കിന് പേർ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ സെൻറ് പീറ്റേഴ്സ് ചർച്ചിൽനിന്ന്​ ആരംഭിച്ച മാർച്ച് ഗദഗ് റോഡിലൂടെ കടന്ന് കിട്ടൂർ ചെന്നമ്മ സർക്കിളിൽ സമാപിച്ചു. സർക്കിളിൽ ഒത്തുചേർന്ന് ധർണ നടത്തി. തുടർന്ന് മിനി വിധാൻ സൗധയിലേക്ക് റാലിയായി പോയശേഷം സർക്കാർ നീക്കത്തിനെതിരെ മുദ്രാവാക്യം വിളിച്ചു.

ദിവസങ്ങൾക്ക് മുമ്പ് ഹുബ്ബള്ളിയിലെ ക്രിസ്ത്യൻ പള്ളിയിൽ ബജ്​രംഗ്ദൾ, വി.എച്ച്.പി പ്രവർത്തകർ അതിക്രമിച്ചുകയറിയിരുന്നു. ഇതിനെതിെരയും പ്രതിഷേധമുയർന്നു. ധാർവാഡ് ജില്ല ക്രിസ്ത്യൻ പാസ്​റ്റേഴ്സ് ആൻഡ് ലീഡേഴ്സി​െൻറ നേതൃത്വത്തിലാണ് സമാധാന മാർച്ച് നടന്നത്. ഒരുവിധ തെളിവുമില്ലാതെയാണ് ക്രിസ്ത്യൻ വിഭാഗം നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന ആരോപണം ഉന്നയിക്കുന്നതെന്ന് അസോസിയേഷൻ പ്രസിഡൻറ് സുനിൽ മഹദെ പറഞ്ഞു. ഇന്ത്യക്കാരാണ് തങ്ങളെന്നും ഭരണഘടനാപരമായി ജീവനക്കാനുള്ള അവകാശമുണ്ടെന്നും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിച്ച് ഇരകളാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യൻ പള്ളികൾ സർവേ നടത്താനുള്ള നീക്കവും ദുരുദ്ദേശ്യപരമാണ്. ക്രിസ്ത്യൻ വിഭാഗത്തെ അടിച്ചമർത്താനുള്ള നീക്കത്തി​െൻറ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു. ചില വർഗീയസംഘടനകളും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ചേർന്ന് ക്രിസ്ത്യൻ സമുദായത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും ക്രിസ്തുവിനെ പിന്തുടരുന്ന തങ്ങൾ സമൂഹത്തി​െൻറ ക്ഷേമത്തിനായാണ് പ്രവർത്തിക്കുന്നതെന്നും ധർണയിൽ പങ്കെടുത്ത പാസ്​റ്റർ സെഡ്രിക് ജേക്കബ് പറഞ്ഞു.

മദ്യത്തിനടിമയായവരെ അതിൽനിന്ന്​ മോചിപ്പിച്ചുകൊണ്ട് പുതിയ ജീവിതം നൽകുന്നത് ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളാണ് സമൂഹത്തിൽ നടത്തിവരുന്നത്. ക്രിസ്ത്യൻ അംഗങ്ങളെ ആക്രമിച്ചവർക്കെതിരെ നടപടി വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ബെളഗാവി, ഹാവേരി, ഗദഗ്, മൈസൂരു, മംഗളൂരു തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ പാസ്​റ്റർമാരുടെ പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രതിഷേധത്തെ തുടർന്ന് ഹുബ്ബള്ളിയിലെ തിരക്കേറിയ ചെന്നമ്മ സർക്കിളിലും സമീപ റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു.

Tags:    
News Summary - Christians stage protest against proposed anti-conversion law in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.