കാണ്‍പുർ: മറ്റാരുമില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കടന്ന് പീഡിപ്പിക്കാൻ ശ്രമിച്ച അയൽക്കാരനെ മഴു കൊണ്ട് വെട്ടിക്കൊന്ന് 18കാരി. പുതുവത്സര ദിനത്തിൽ ബന്ദയിലാണ് സംഭവമുണ്ടായത്. ആത്മരക്ഷക്ക് വേണ്ടിയാണ് പെണ്‍കുട്ടി 50കാരനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിതാവ് മരിച്ചുപോയ പെണ്‍കുട്ടി തന്‍റെ അമ്മയോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. പുതുവർഷ ദിനത്തിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയ സുഖ് റാം പ്രജാപതി വീട്ടിൽ ആരുമില്ലെന്ന് മനസ്സിലാക്കിയതോടെ വീടിനകത്തേക്ക് കയറി വാതിൽ അകത്ത് നിന്ന് പൂട്ടി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30നാണ് ഇയാൾ പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. പെൺകുട്ടി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാൾ അനുവദിച്ചില്ല.
തുടർന്ന് വീട്ടിൽ കരുതിയിരുന്ന കോടാലി ഉപയോഗിച്ച് സ്വയരക്ഷക്ക് വേണ്ടി അക്രമിയെ പ്രതിരോധിക്കുകയായിരുന്നു. ഇയാളെ കൊലപ്പെടുത്തിയ ശേഷം ആയുധവുമായി പെണ്‍കുട്ടി അടുത്തുള്ള പൊലീസ് ഔട്ട്‌പോസ്റ്റിൽ എത്തി കീഴടങ്ങുകയും ചെയ്തു. പ്രജാപതിയുടെ ഭാര്യയുടെ പരാതിയിൽ പെണ്‍കുട്ടിക്കെതിരെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രാഥമിക അന്വേഷണത്തിൽ കൊല്ലപ്പെട്ടയാള്‍ പെൺകുട്ടിയുടെ അമ്മയെ കാണാൻ ഇടക്ക് വീട്ടിലെത്താറുണ്ടെന്ന് പറയപ്പെടുന്നു. പുതുവർഷദിനത്തിൽ പെൺകുട്ടിയുടെ മാതാവ് ജോലിക്ക് പോയ സമയത്തായിരുന്നു ഇയാളെത്തിയത്. പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കുമെന്നും സ്വയരക്ഷക്കായാണ് പെണ്‍കുട്ടി കൊലപാതകം നടത്തിയതെന്ന് കോടതിയെ ബോധ്യപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.